കേരളത്തില്‍ തുലാവര്‍ഷം തകര്‍ക്കുന്നു; ഡാമുകള്‍ തുറന്നു

തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി. 

Last Updated : Nov 3, 2018, 10:11 AM IST
കേരളത്തില്‍ തുലാവര്‍ഷം തകര്‍ക്കുന്നു; ഡാമുകള്‍ തുറന്നു

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ. തുലാവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആറു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. 

തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി. 83.4 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പേപ്പാറ ഡാമിന്‍റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. കരമന, നെയ്യാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അരുവിക്കര ഡാമില്‍ 46.58 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി 46.6 ആണ് ജലനിരപ്പ്. നാലു ഷട്ടറുകളിൽ ഒന്നു 90 സെന്‍റിമീറ്റര്‍ ഒന്നു 50 സെന്‍റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. പേപ്പാറ ഡാം ഷട്ടറുകൾ എട്ടു മണിയോടെ തുറന്നു. 108 മീറ്ററാണ് ഇവിടെ പരമാവധി ജല നിരപ്പ്. ഇപ്പോൾ 107.50 മീറ്റർ എത്തിയിട്ടുണ്ട്. നാലു ഷട്ടറുകളിൽ ഒന്നാണ് 50 സെന്‍റിമീറ്റര്‍ തുറന്നത്.

അതേസമയം തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

വരുന്ന ആറ് ദിവസം സംസ്ഥാനത്ത് ശക്തമായ മഴലഭിക്കും. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. വടക്കന്‍കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്. വരുന്ന ആറ് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴലഭിക്കും. അതിശക്തമായ മഴക്കും സാധ്യതയുണ്ട്.

സാധാരണ ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ച് ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട ചുഴലിക്കാറ്റുകളും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാന്‍കാരണമായത്. തമിഴ്‌നാട്, തെക്കന്‍കര്‍ണ്ണാടക, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലും ശക്തമായ മഴ കിട്ടുന്നുണ്ട്. 

തമിഴ്‌നാട്ടിലെ നാഗപട്ടിണത്ത് 14 സെന്റിമീറ്റര്‍ മഴ കിട്ടി. സാധാരണ മധ്യകേരളത്തിലും തെക്കന്‍കേരളത്തിലുമാണ് തുലാമഴ നല്ലരീതിയില്‍ ലഭിക്കുക. പ്രത്യേകിച്ച് അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയില്‍ തുലാവര്‍ഷം സജീവമാകാറുണ്ട്.

പ്രളയാനന്തര സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷമമായി വിലയിരുത്തും. ഇടിമിന്നലാണ് തുലാമഴയുടെ പ്രത്യേകത. മിന്നലപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമാന്യം നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

Trending News