കൊച്ചി: ചിത്തിര ആട്ട വിശേഷത്തിലെ സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹൈക്കോടതി കേസെടുത്തത്.
സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ശബരിമല സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി. മനോജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം.
ആചാര ലംഘനത്തിലും അക്രമ സംഭവങ്ങളിലുമാണ് കേസ്. ഈ വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള ഹര്‍ജി കോടതി പരിഗണിക്കും.
ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോള്‍ പൊലീസ് സ്വീകരിച്ച തന്ത്രപരമായ ഇടപെടലുകളാണ് സന്നിധാനത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ തടഞ്ഞതെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് തുടങ്ങിയവര്‍ ആചാര ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ, ചിത്തിര ആട്ടവിശേഷത്തിന് രണ്ടു ദിവസത്തേക്ക് നടതുറന്നപ്പോള്‍ നടപ്പന്തലില്‍ വച്ച് സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം, പതിനെട്ടാംപടിയിലുണ്ടായ ആചാരലംഘനങ്ങള്‍, ശബരിമലയിലെ സൗകര്യങ്ങളിലുള്ള ഭക്തരുടെ പരാതികള്‍, പോലീസ് ക്രമീകരണങ്ങള്‍ സംബന്ധിച്ച പരാതികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെട്ടതാണ് സ്‌പെഷല്‍ കമ്മീഷണര്‍ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട്.