തിരുവനന്തപുരം: യവ്വനതീക്ഷ്ണതയിൽ ഞാൻ തളിര്ത്തിരിക്കുന്ന ഡിസംബർമാസം. കോടമഞ്ഞ് പെയ്തിറങ്ങുമ്പോൾ എൻ്റെ പ്രണയവും പൂക്കുന്നു. എനിക്കിപ്പോൾ സന്തോഷമാണ്....വർഷത്തിലൊരിക്കൽ വസന്തത്തിനു പിന്നാലെ എൻ്റെ മടിയിൽ എത്ര പൂക്കളാണ് വന്നുവീഴുക. ലോകത്തിൻ്റെ പല കോണുകളിൽ നിന്ന്.
എൻ്റെ ശിഖരങ്ങളിൽ നിശബ്ദതയുടെയും ഭയത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രണയത്തിൻ്റെയും പ്രതികാരത്തിൻ്റെയും മൊട്ടുകൾ വിടരുമ്പോൾ ചിലർ കയ്യടിക്കും, ചിലർ കണ്ണീരൊപ്പും, ചിലർ ചിരിക്കും. അങ്ങനെയങ്ങനെ...കാക്കത്തൊളളായിരം പേർ വരും. കഥകൾ പറയും. കേൾക്കും. മുത്തശ്ശിക്കഥകൾ പോലെ പറഞ്ഞുനടക്കും. പുതിയ കഥകളുണ്ടാക്കും. ഹൃദയത്തോട് ഹൃദയം ചേർത്ത് ചിത്രങ്ങളെടുക്കും....
സിനിമ പൂക്കുന്ന ഞാനെന്ന ഐഫ്എഫ്കെ മരം എനിക്കുതന്നെ ലഹരിയാണ്. അപ്പോൾ കാഴ്ചക്കാർക്കോ....വർഷംതോറും വയസ്സു കൂടുന്നത് എനിക്കു മാത്രമല്ലല്ലോ. ആദ്യകാല കാഴ്ചക്കാരൊക്കെ ഇപ്പോൾ കഥകളുണ്ടാക്കുന്നവരും പറയുന്നവരുമായി. കേൾക്കാനും കാണാനും പുതിയ മനുഷ്യർ വന്നുതുടങ്ങി....എട്ടു ദിവസമാണ് പൂക്കാലം. പിന്നെയും പൂക്കാനുളള കാത്തിരിപ്പിനൊരു വർഷം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...