കളമശേരി മെഡിക്കല്‍ കോളേജില്‍ 100 കോടിയുടെ പുതിയ ബ്ലോക്ക് നിര്‍മിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ജനസൗഹൃദപരമായ ആരോഗ്യ മേഖലയെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 04:56 PM IST
  • ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യം ഏറെ മെച്ചപ്പെട്ടു
  • 30 വയസിന് മുകളിലുള്ളവരില്‍ ജീവിത ശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കണ്ടെത്തി രോഗപ്രതിരോധ ശേഷി ആര്‍ജിക്കേണ്ടത് അനിവാര്യമാണ്
  • ക്യാന്‍സര്‍ രോഗികളുടെ വിവരങ്ങളടങ്ങിയ ക്യാന്‍സര്‍ ഡാറ്റ രജിസ്റ്റര്‍ തയ്യാറാക്കും
  • രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു
കളമശേരി മെഡിക്കല്‍ കോളേജില്‍ 100 കോടിയുടെ പുതിയ ബ്ലോക്ക് നിര്‍മിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

എറണാകുളം: കളമശേരി മെഡിക്കല്‍ കോളേജില്‍ 100 കോടി രൂപയുടെ പുതിയ ബ്ലോക്ക് നിര്‍മിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്. ജനസൗഹൃദപരമായ ആരോഗ്യ മേഖലയെ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗത്തിന്റെ നിസഹായതയും സാമ്പത്തിക ബുദ്ധിമുട്ടുമായി വരുന്ന രോഗികള്‍ക്കു സൗഹൃദപരമായ പെരുമാറ്റം ഏറെ ആശ്വാസകരമാകും. ജനങ്ങളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. എടത്തല പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും ലാബ് ഓഫീസ് സമുച്ചയവും ജില്ലയില്‍ ആരംഭിച്ച ആറ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യം ഏറെ മെച്ചപ്പെട്ടു. ഒ.പി സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും അതോടൊപ്പം ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും എണ്ണവും വര്‍ധിപ്പിച്ചു. 30 വയസിന് മുകളിലുള്ളവരില്‍ ജീവിത ശൈലീ രോഗങ്ങള്‍ വരാനുള്ള സാധ്യത കണ്ടെത്തി രോഗപ്രതിരോധ ശേഷി ആര്‍ജിക്കേണ്ടത് അനിവാര്യമാണ്. ക്യാന്‍സര്‍ രോഗികളുടെ വിവരങ്ങളടങ്ങിയ ക്യാന്‍സര്‍ ഡാറ്റ രജിസ്റ്റര്‍ തയ്യാറാക്കും. സ്ത്രീകളുടേയും പുരുഷന്‍മാരുടേയും രജിസ്റ്റര്‍ പ്രത്യേകം തയ്യാറാക്കും. രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: 'ആരോ​ഗ്യമേഖലയെ സമ്പൂർണ ഡിജിറ്റലാക്കുക ലക്ഷ്യം'; 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

2025 ആകുന്നതോടെ കേരളം ക്ഷയരോഗവിമുക്തമാക്കും. കേരളത്തിലെ ജനറല്‍ ആശുപത്രികളില്‍ ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി സൗജന്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. എടത്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ അസിസ്റ്റന്റ് സര്‍ജന്‍, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ അധികമായി അനുവദിച്ചു. തിങ്കള്‍ മുതല്‍ വൈകിട്ട് ആറുവരെ ഒ.പി പ്രവര്‍ത്തിക്കുമെന്നും ജെറിയാഡ്രിക്, സ്വാസ് ക്ലിനിക്കുകള്‍ എന്നിവ ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എടത്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി അന്‍വര്‍ സാദത്ത് എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടിലെ 85 ലക്ഷം രൂപ ഉപയോഗിച്ച് മൂന്നു നിലയിലായി ലാബ് ഓഫീസ് നിര്‍മിച്ചു. ലാബ് ഉപകരണങ്ങള്‍ക്കായി എംഎൽഎ എട്ട് ലക്ഷം രൂപ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 14 ലക്ഷം രൂപ ഉപയോഗിച്ച് ഒ.പി കെട്ടിടം നവീകരിച്ചു. പഞ്ചായത്ത് ഫണ്ട് 20 ലക്ഷം രൂപയും പദ്ധതിക്കായി ചെലവഴിച്ചു. മോനിപ്പള്ളി, ചൊവ്വര, തോട്ടുമുഖം, ചേലമറ്റം, മഞ്ഞപ്പെട്ടി, മലയാറ്റൂര്‍ സബ് സെന്ററുകളാണ് ഓണ്‍ലൈനായി മന്ത്രി ഉദ്ഘാടനം ചെയ്തത്.

അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബെഹനാന്‍ എം.പി മുഖ്യാതിഥി ആയിരുന്നു. എംഎല്‍എമാരായ അഡ്വ. എല്‍ദോസ് കുന്നപ്പള്ളി, റോജി എം. ജോണ്‍, അഡ്വ.പി.വി ശ്രീനിജിന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. റൈജ അമീര്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അസീസ് മൂലയില്‍, ആബിദ ഷെരീഫ്, സുധീര്‍ മീന്ത്രക്കല്‍, എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ അബ്ദുള്‍ ഖാദര്‍, എടത്തല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എ അജീഷ്, അസ്മ ഹംസ, സുമയ്യ സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News