തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമന കേസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത. മന്ത്രിക്കെതിരെ രമേശ് ചെന്നിത്തല നൽകിയ ഹർജി തള്ളി കൊണ്ടാണ് ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയത്. മന്ത്രി നൽകിയത് നിർദേശം മാത്രമാണെന്നും ഗവർണർക്ക് മുന്നിൽ ആർ ബിന്ദു അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
വീണ്ടും അവസരം നല്‍കുന്നത് നല്ലാതാകുമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ആ നിര്‍ദേശം ചാന്‍സലര്‍ സ്വീകരിച്ചുവെന്നും ലോകായുക്ത ഉത്തരവിൽ പറയുന്നു. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
വി സി ആയി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനുള്ള സർക്കാർ നിർദേശം ചാൻസലറായ ഗവർണർക്ക് തള്ളാനുള്ള അധികാരമുണ്ടായിരുന്നു. എന്നാൽ അത് ചെയ്യാതെ നിർദേശം അംഗീകരിക്കുകയായിരുന്നു ഗവർണർ. മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു.
വി സി നിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു ഹര്‍ജിയില്‍ രമേശ് ചെന്നിത്തല പ്രധാനമായും ഉന്നയിച്ചിരുന്നത്. എന്നാല്‍ വാദത്തിനിടെ സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായത് ഗവര്‍ണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.
എന്നാല്‍ എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി എന്നാണ് ഗവർണർ വിശദീകരിച്ചത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം. അതിനിടെ മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗത്തില്‍ ചട്ടലംഘനം ആരോപിച്ചുള്ള ഹര്‍ജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...