Hema Committee report: നടിമാരുടെ മുറികളില്‍ മുട്ടും, തുറന്നില്ലെങ്കില്‍...; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Kerala govt releases Hema Committee report: സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടേണ്ട അവസ്ഥയാണെന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2024, 03:40 PM IST
  • സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നതാണ് പ്രധാന കണ്ടെത്തല്‍.
  • സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടേണ്ട അവസ്ഥ.
  • മലയാള സിനിമയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നു
Hema Committee report: നടിമാരുടെ മുറികളില്‍ മുട്ടും, തുറന്നില്ലെങ്കില്‍...; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. മലയാള സിനിമയില്‍ അടിമുടി സ്ത്രീ വിരുദ്ധത നിറഞ്ഞുനില്‍ക്കുകയാണെന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നതാണ് പ്രധാന കണ്ടെത്തല്‍. 

സിനിമയില്‍ അവസരം വേണമെങ്കില്‍ കിടക്ക പങ്കിടേണ്ട അവസ്ഥയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മലയാള സിനിമയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുണ്ട് എന്നതാണ് മറ്റൊരു പരാമര്‍ശം. ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാന്‍ പ്രധാന താരങ്ങളടക്കമുണ്ട്. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കാത്തവര്‍ക്ക് അവസരം നിഷേധിക്കും. എന്നാല്‍, സഹകരിക്കുന്നവരെ പ്രത്യേക കോഡ് ഉപയോഗിച്ചാണ് പരാമര്‍ശിക്കുക. സഹകരിക്കുന്നവരെ 'കോഓപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റ്' എന്ന് പേരിട്ട് വിളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ALSO READ: പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും രക്ഷപ്പെട്ടു; ബെം​ഗളൂരുവിൽ നിന്നും പിടികൂടി പോലീസ്

ഹോട്ടല്‍ മുറികളില്‍ ഒറ്റയ്ക്ക് കഴിയാന്‍ ഭയമാണെന്ന് നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷന്‍മാര്‍ വാതിലില്‍ മുട്ടാറുണ്ട്. തുറന്നില്ലെങ്കില്‍ വാതിലില്‍ ശക്തമായി ഇടിക്കും. വാതില്‍ പൊളിച്ച് ഇവര്‍ അകത്തേയ്ക്ക് കയറി വരുമോ എന്ന് പോലും ഭയപ്പെട്ടിരുന്നുവെന്നാണ് നടിമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിംഗ് ലൊക്കേഷനുകളിലേയ്ക്ക് എത്തുന്നത്. സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുമോ എന്ന ഭയം കാരണം പലരും ഇത്തരം അവസ്ഥകള്‍ നിശബ്ദമായി സഹിക്കുകയാണ്. കേസിന് പോയാല്‍ സൈബര്‍ ആക്രമണവും കോടതിയെയോ പോലീസിനെയോ സമീപിച്ചാല്‍ ജീവന് ഭീഷണിയും ഉണ്ടാകുമെന്ന് നടിമാര്‍ ഭയക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ആര്‍ത്തവ സമയത്ത് പോലും നടിമാര്‍ വലിയ ബുദ്ധിമുട്ടുകളാണ് ഷൂട്ടിംഗ് സെറ്റുകളില്‍ നേരിടേണ്ടി വരുന്നതെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മറ്റൊരു പരാമര്‍ശം. പാഡ് മാറ്റുന്നതിന് പോലും വലിയ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. മൂത്രമൊഴിക്കാന്‍ പോലും സാധിക്കാതെ മണിക്കൂറുകളോളം സെറ്റില്‍ തുടരേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. മലയാള സിനിമയിലെ പല നടിമാര്‍ക്കും മൂത്രാശയ അണുബാധ അടക്കമുള്ള രോഗങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നുണ്ടെന്നും പലപ്പോഴും ശുചിമുറി ഉപയോഗിക്കാന്‍ പോലും സ്ത്രീകളെ അനുവദിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News