തിരുവനന്തപുരം: സംസ്ഥാനത്ത് പൊപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹർത്താലിനിടെ വ്യാപക അക്രമം. തെക്കൻ കേരളത്തിലും മധ്യകേരത്തിലും വടക്കൻ കേരളത്തിലും പിഎഫ്ഐ പ്രവർത്തകർ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും സൈര്യ വിഹാരവും തകർത്ത് അഴിഞ്ഞാടി. വിവിധയിടങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ 220 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കി. 157 കേസുകൾ രജിസ്റ്റർ ചെയ്തു. 70 കെഎസ്ആർടിസി ബസുകളും വ്യാപകമായി അക്രമിക്കപ്പെട്ടു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഡ്രൈവർമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയത് മലപ്പുറം ജില്ലയിലെന്നാണ് റിപ്പോർട്ടുകൾ.
ദേശീയ സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹർത്താലിൽ സംഘടിപ്പിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ. രാവിലെ മുതൽ കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തിയിരുന്നു. എന്നാൽ, ആദ്യത്തെ ഒരു മണിക്കൂറിൽ സമാധാനപരമായിരുന്ന അന്തരീക്ഷം പിന്നീട് അക്ഷരാർത്ഥത്തിൽ മാറി മറിയുകയായിരുന്നു.
പിന്നിടങ്ങോട്ട് കെഎസ്ആർടിസി സർവീസുകൾക്ക് നേരെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പാഞ്ഞടുക്കുകയായിരുന്നു. എല്ലാ ജില്ലകളിലും കെഎസ്ആർടിസി ബസുകൾ അക്രമിക്കപ്പെട്ടു. പലയിടത്തും ബസ്സുകളുടെ ചില്ലുകൾ തകർക്കപ്പെട്ടപ്പോൾ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും അക്രമങ്ങളിൽ പരിക്കുപറ്റി. ചിലയിടങ്ങളിൽ യാത്രക്കാരെയും സമരാനുകൂലികൾ വെറുതെ വിട്ടില്ല.
പിന്നീട്, പോലീസ് അകമ്പടിയോടെയായി കെഎസ്ആർടിസി സർവീസുകൾ. രാവിലെ പതിവുപോലെ നടത്തിയിരുന്ന സർവീസുകൾ അക്രമ പരമ്പരകൾ തുടർന്നതോടെ വെട്ടിക്കുറയ്ക്കുകയായിരുന്നു. എന്നാൽ, പത്തുമണിയോടെ ഗതാഗതമന്ത്രി പ്രതികരിച്ചത് സർവീസുകൾ പൂർണ്ണമായും നിർത്തില്ലെന്നായിരുന്നു. നഗര-ഗ്രാമീണ മേഖലകളിലുൾപ്പടെ ബസ്സുകൾ ആക്രമിക്കപ്പെട്ടെങ്കിലും പൊലീസിന് കയ്യും കെട്ടി കാഴ്ചക്കാരായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. പോലീസ് നിഷ്ക്രിയരായെന്ന ആക്ഷേപം വന്നതോടെ പലയിടങ്ങളിലും ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നതും കണ്ടു.
തിരുവനന്തപുരത്ത് അട്ടക്കുളങ്ങര, കരമന, കിള്ളിപ്പാലം, കമലേശ്വരം, വെഞ്ഞാറമൂട്, ബാലരാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർക്കപ്പെട്ടു. കാട്ടാക്കടയിൽ രാവിലെ ബസ് എടുക്കാനായി വന്ന കണ്ടക്ടറെയും ഡ്രൈവറെയും സമരാനുകൂലികൾ തടഞ്ഞു. യാത്രക്കാരുടെ പ്രതിഷേധം കടുത്തതോടെ കൂടുതൽ പൊലീസെത്തി. തുടർന്ന്, പൊലീസ് അകമ്പടിയോടെ സർവീസുകൾ തുടങ്ങുകയായിരുന്നു.
തമിഴ്നാട് ട്രാൻസ്പ്പോർട്ട് ബസ്സുകൾക്ക് നേരെയും കല്ലേറുണ്ടായി. ഇതോടെ തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു. പോത്തൻകോട് വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന 15 ഓളം പഴക്കുലകൾ അക്രമികൾ വലിച്ചെറിഞ്ഞു. ഗ്രാമീണമേഖലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നിരവധി സ്വകാര്യ വാഹനങ്ങളും ഡ്രൈവർമാരും ആക്രമിക്കപ്പെട്ടു. പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ALSO READ : Kerala Harthal : വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്!!! നാളെ വീട്ടിൽ ഇരിക്കരുത്; എല്ലാവർക്കും ക്ലാസുണ്ട്
കൊല്ലം പള്ളിമുക്കിൽ യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരെ സമരാനുകൂലി വാഹനമിടിച്ച് വീഴ്ത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിചാർജ് നടത്തി പൊലീസ് ഓടിച്ചു. നിരവധി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നഗരമധ്യത്തിൽ വലിയ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പത്തനംതിട്ടയിൽ ആനപ്പാറയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. കളിയിക്കാവിളയിലേക്ക് പോയ ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ഇരട്ടി മട്ടന്നൂർ റൂട്ടിൽ മൂന്നിടങ്ങളിൽ കല്ലേറുണ്ടായി. കൂടാളി, ചാവശ്ശേരി, ഉളിയിൽ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികൾ തമ്പടിച്ച് കല്ലെറിഞ്ഞു.
കോഴിക്കോട് കൽപ്പറ്റ റൂട്ടിൽ പൊലീസ് സുരക്ഷയോടെ കോൺവോയ് അടിസ്ഥാനത്തിൽ കെഎസ്ആർടിസി സർവീസുകൾ നടത്തി. കോഴിക്കോട് വടകരയ്ക്കടുത്ത് അഴിയൂരിൽ സിമന്റ് ലോറിക്ക് നേരെ കല്ലെറിഞ്ഞു. തമിഴ്നാട് രജിസ്ട്രേഷൻ ലോറി അപകടത്തിൽപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസ്സിന് അങ്ങാടിപ്പുറം മേൽപ്പാലം ഭാഗത്ത് നിന്ന് കല്ലേറുണ്ടായി. പൊന്നാനിയിലും ബസ്സുകൾക്ക് നേരെ സമരാനൂകൂലികൾ കല്ലെറിഞ്ഞു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് നേരെ കല്ലെറിഞ്ഞ പിഎഫ്ഐ നേതാവിനെ പൊലീസ് പിടികൂടി.
ഹർത്താലിന്റെ പേരിൽ അക്രമം അഴിച്ചുവിട്ട മൂന്ന് പിഎഫ്ഐ പ്രവർത്തകരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം എം.സി റോഡിൽ കെഎസ്ആർടിസി സർവീസുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കല്ലേറിൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പുഷ്പ ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ വർക്കല സ്വദേശിയായ ഡ്രൈവർ ജിനു ഹബീബുള്ളയെ ക്രൂരമായി ആക്രമിച്ചു.
എറണാകുളം കൂത്താട്ടുകുളത്ത് കെഎസ്ആർടിസി സർവീസുകൾക്ക് നേരെ കല്ലേറുണ്ടായി. പയ്യോളിയിൽ രണ്ട് പിഎഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിലായി. അക്രമികൾ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ട്രാവലർ അടിച്ചു തകർത്തു. ആലപ്പുഴ കലവൂരിൽ ടൂറിസ്റ്റ് ബസിന് നേരെ കല്ലെറിഞ്ഞു. കോട്ടയം സംക്രാന്തിയിൽ ലോട്ടറി കട അടിച്ചു തകർത്തു.
നെടുമ്പാശ്ശേരി പറമ്പയത്തും തൃശ്ശൂർ ജില്ലയിലും അക്രമികൾ അഴിഞ്ഞാടി. മട്ടന്നൂരിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. തുടർന്ന് ടയറുകൾ കത്തിച്ചു. കൊല്ലം പുനലൂരിൽ ചരക്ക് ലോറിക്ക് നേരെ ഉണ്ടായി. കണ്ണൂർ ജില്ലയിൽ കെഎസ്ആർടിസി സർവീസ് പൂർണ്ണമായും നിർത്തിവച്ചു. തൃശ്ശൂരിൽ കയ്പ്പമംഗലത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ സമരാനുകൂലികൾ കല്ലെറിഞ്ഞപ്പോൾ ചെറായിയിൽ ആംബുലൻസിന് നേരെയായി കല്ലേറ്.
തൃശൂർ പുന്നയൂർക്കുളത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ കാറിന് നേരെ അക്രമം നടന്നു. ജില്ലയിൽ കള്ളു കൊണ്ടുപോവുകയായിരുന്നു വണ്ടിക്ക് നേരെ അക്രമം അഴിച്ചുവിട്ടു. കണ്ണൂരിൽ മിൽമ ടീസ്റ്റാൾ അടിച്ചു തകർത്തു. മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായതും പ്രധാന സംഭവങ്ങളായി തലക്കെട്ടുകളിൽ ഇടം പിടിച്ചു. അങ്ങനെ സംസ്ഥാനത്ത് ഹർത്താലിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഴിഞ്ഞാടുകയാണുണ്ടായത്.
അതേസമയം, വ്യാപക ആക്രമണങ്ങൾ തുടർന്നുവെങ്കിലും എല്ലാം നിയന്ത്രണ വിധേയമെന്ന് പറയുകയാണ് സംസ്ഥാന പൊലീസ് മേധാവി. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയെങ്കിലും പലയിടത്തും വാഹനങ്ങൾ ഉൾപ്പടെ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായിട്ടും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി വിശദീകരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രശ്നങ്ങളുണ്ടായാൽ അധികം സേനയെ വിന്യസിക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി തുടർന്നുള്ള ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.