Thiruvananthapuram : കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ഗവേണിംഗ് ബോഡി യോഗം ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു വിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് (2021-2022) ല്‍ പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ബഹു. കേരള മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്കായുള്ള മാര്‍ഗ്ഗരേഖ യോഗം അംഗീകരിച്ചു. പ്രതിമാസം അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ രണ്ട് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ് നല്‍കുക.
സംസ്ഥാനത്തിന്‍റെ വികസനപദ്ധതികള്‍ക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൃഷി, ജൈവവൈവിധ്യം, ഡിജിറ്റല്‍ സാങ്കേതികത, ജനിറ്റിക്സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്.
സാക്ക് പിയര്‍ ടീം അസസ്മെന്‍റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളേജിന് A ഗ്രേഡ് നല്‍കാനും ഗവേണിംഗ് ബോഡി യോഗം തീരുമാനിച്ചു. ദേശീയ തലത്തില്‍ നിലവിലുള്ള വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍ക്കൊപ്പം സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങളും കണക്കിലെടുത്താണ് സാക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നത്. നാക്ക് മുന്‍ ഡയറക്ടര്‍ പ്രൊഫ. രംഗനാഥ ഹന്നഗൗഡയുടെ നേതൃത്വത്തിലുള്ള സാക്ക് പിയര്‍ ടീമിന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ് ബിഷപ് മൂര്‍ കോളേജിന് A ഗ്രേഡ് (CGPI = 3.21) നല്‍കാന്‍ തീരുമാനിച്ചത്.
സാക്ക് അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് മാവേലിക്കര ബിഷപ് മൂര്‍ കോളേജ്. എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, കെ. സി. എച്ച് ആര്‍ ചെയര്‍മാന്‍ പ്രൊഫ. മൈക്കിള്‍ തരകന്‍, പ്രൊഫ. ഫാത്തിമത്ത് സുഹറ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍.
ALSO READ : KEAM 2021 Results: എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു, യോഗ്യത നേടിയത് 51,031പേർ
ഗവേണിംഗ് ബോഡി യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വറുഗ്ഗീസ്, കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രൊഫ. ഫാത്തിമത്ത് സുഹറ, ഡോ. ജെ രാജന്‍, ഡോ. ആര്‍ കെ സുരേഷ്കുമാര്‍, സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരായ ഡോ. വി. പി മഹാദേവന്‍ പിള്ള (കേരള സര്‍വകലാശാല), ഡോ.കെ.എന്‍ മധുസൂധനന്‍ (കുസാറ്റ്), ഡോ. വി. അനില്‍കുമാര്‍ (മലയാളം സര്‍വകലാശാല), പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ (കണ്ണൂര്‍ സര്‍വകലാശാല), ഡോ. കെ.സി സണ്ണി (ന്യൂവല്‍സ്), ഡോ. കെ. മോഹനന്‍ (ആരോഗ്യ സര്‍വകലാശാല), ഡോ. കെ റിജി ജോണ്‍ (ഫിഷറീസ്), ഡോ. എം. ആര്‍ ശശീന്ദ്രനാഥ് (വെറ്ററിനറി), ഡോ. ആര്‍ ചന്ദ്രബാബു (കാര്‍ഷിക സര്‍വകലാശാല), പ്രൊഫ. സജി ഗോപിനാഥ് (ഡിജിറ്റല്‍ സര്‍വകലാശാല) ഫിനാന്‍സ് സെക്രട്ടറി സഞ്ചയ് കൗള്‍, ശ്രീ. എന്‍ സത്യാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...