പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനത്തിനിരയായ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 16 പ്രതികളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും.
മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ 16 പ്രതികളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അഗളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ വൈദ്യ പരിശോധന പൂര്‍ത്തിയായതോടെയാണ് മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
മധുവിന്‍റെ മൊഴിയുടെയും, ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. കൊലപാതക കുറ്റത്തിന് പുറമെ, വനത്തില്‍ അതിക്രമിച്ചു കടക്കല്‍, എസിഎസ്ടി, ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. എന്നാല്‍ സുരക്ഷ പ്രശ്നങ്ങളാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമേ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകാന്‍ സാധ്യത ഉള്ളുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതേസമയം മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാളെ ചീഫ് സെക്രട്ടറിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് കളക്‌ട്രേറ്റില്‍ യോഗം ചേരും, ദേശിയ പട്ടികവര്‍ഗ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കും.