ഓള്‍ ഇന്ത്യ പെര്‍മിറ്റ് വെച്ച്‌ ടൂറിസ്റ്റ് ബസ് കേരളത്തിൽ ഓടിക്കണ്ട; കർശന നടപടിയെന്ന് ഗതാഗത വകുപ്പ്

മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 05:06 PM IST
  • സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം
  • നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും
  • സ്വകാര്യ സ്‌റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആര്‍.ടി.സി ബസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നു
ഓള്‍ ഇന്ത്യ പെര്‍മിറ്റ് വെച്ച്‌ ടൂറിസ്റ്റ് ബസ് കേരളത്തിൽ ഓടിക്കണ്ട; കർശന നടപടിയെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കര്‍ശനമായി തടയാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് പെര്‍മിറ്റ് നല്‍കുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരിൽ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ കഴിയില്ല.

മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാൽ നിയമം ദുർവ്യാഖ്യാനം ചെയ്ത് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.  നിയമ ലംഘനം നടത്തി ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വാഹന ഉടമയ്ക്ക് മാത്രമായിരിക്കും.

വിജ്ഞാപനത്തിന്റെ പേരില്‍ നടത്തുന്ന നിയമ ലംഘനം സ്വകാര്യ സ്‌റ്റേജ് കാര്യേജ് ബസുകളുടെയും കെ.എസ്.ആര്‍.ടി.സി ബസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്ത് പൊതു സ്വകാര്യ മേഖലകളിലെ സ്റ്റേജ് ക്യാരേജുകളിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്തു വരുന്നു. അവരുടെ തൊഴിലിനെ ബാധിക്കുന്ന വിധം നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ അനുവദിക്കാനാവില്ലെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.

നിയമ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആര്‍ടിഒമാരുടെയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരുടെയും നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. നേരത്തെ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസ് ഇത്തരത്തിൽ മോട്ടോർ വാഹന വകുപ്പ് തടഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News