Trivandrum: വിദേശ പോലീസിങ്ങിനെ അപേക്ഷിച്ച് പ്രൊഫഷണലിസത്തിൽ ഒരു പാട് പിന്നിലാണ് ഇന്ത്യൻ പോലിസിങ്ങ് സംവിധാനം. എങ്കിലും താരതമ്യേനെ കേരളത്തിൻറെ പോലീസ് തന്നെയാണ് രാജ്യത്തെ ഭേദപ്പെട്ട പോലീസ്. കുറ്റാന്വേഷണ മികവും,ക്രൈസിസ് മാനേജ്മെൻറുമാണ് അതിനെ വേറുറ്റതാക്കുന്നതെന്നാണ് പറയാം.
ഇത്രയുമധികം വിദ്യാ സമ്പന്നരായ ഉദ്യോഗസ്ഥർ മറ്റ് സേനകളിൽ വളരെ കുറവാണ്. കുറഞ്ഞ പക്ഷം ബിരുദം എങ്കിലും ഇല്ലാത്ത ഒരു സിവിൽ പോലീസ് ഒാഫിസർ പോലും സേനയിൽ ഇല്ല. അത് കൊണ്ട് തന്നെ പ്രതീക്ഷിക്കുന്ന നിലവാരവും അൽപ്പം കടന്നതാകാം. എന്നാൽ സ്വഭാവം ഒഴിച്ചെന്ന് കൂട്ടിച്ചേർക്കേണ്ടി വരുന്നതാണ് സമീപ കാല സംഭവങ്ങൾ
വളരെ പാടുപെട്ടിട്ടാണെങ്കിലും 1970-കൾ മുതൽ കേരളാ പോലീസിൻറെ സ്വഭാവ പരിഷ്കരണ ശ്രമങ്ങൾ നടന്നിരുന്നു. ഐജിയായിരുന്ന എം.ശിങ്കരവേലുവായിരുന്നു ഇതിന് കാരണം. സ്റ്റേഷനിൽ ഫോൺ എടുക്കുമ്പോൾ അഭിവാദ്യം ചെയ്യണം എന്നായിരുന്നു ആദ്യത്തെ നിർദ്ദേശം. ഇതിൻറെ പരിഷ്കൃത പതിപ്പാണ് ഇന്ന് പോലീസ് സ്റ്റേഷനുകളിൽ ഫോൺ എടുക്കുമ്പോൾ കേൾക്കുന്ന നമസ്കാരം.
2011-ൽ ഇതിൻറെ തുടർച്ചയെന്നോണം പോലീസ് ആക്ട് പരിഷ്കരിക്കുകയും ജനത്തോട് എങ്ങിനെ പെരുമാറണം ? എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ ചില നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചു. ഇത് വളരെ പ്രസക്തമാണ്.
കൂട്ടിച്ചേർത്ത അഞ്ചാം അധ്യായത്തിൽ 29 ാമതായി ചേർത്തിരിക്കുന്ന നിർദ്ദേശം ഇങ്ങിനെ പറയുന്നു. ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും,ഒൗചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും, സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്.
നിർഭാഗ്യമെന്ന് പറയട്ടെ ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിവെച്ച മോശം പോലീസിങ്ങ് രീതികൾ ഇപ്പോഴും നമ്മുടെ പോലീസുകാർക്ക് തികട്ടി വരും. ജോലി സമ്മർദ്ദമാണ് ഇതിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. അതിങ്ങനെ അസഭ്യങ്ങളായും, മർദ്ദനങ്ങളായും,അധിക്ഷേപങ്ങളായും പരിണമിക്കും. അത് സാധാരണക്കാരന് മേൽ കുതിരകയറാനുള്ള ഒാപഷ്നായി മാറുമ്പോഴാണ് പോലീസ് സംരക്ഷകരുടെ കുപ്പയത്തിൽ നിന്നും അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നത്.
സ്വഭാവ വൈകല്യം മാറ്റാൻ
നാട്ടിലുള്ളവരെ എല്ലാം മര്യാദ പഠിപ്പിക്കുന്ന സിസ്റ്റത്തിനെ സമഗ്രമായി മാറ്റുക എന്നത് വലിയ പണി തന്നെയാണ്. പണിക്ക് പോകാനിറങ്ങിയ വയോധികനെ തല്ലി വണ്ടിയിൽ കയറ്റിയ ചെറുപ്പക്കാരനായ പ്രോബേഷൻ എസ്.ഐ ഉണ്ടായ നാടാണ്. അത് കൊണ്ട് തന്നെ പ്രശ്നം പരിശീലനത്തിലാണോ മാനസികാവസ്ഥയിലാണോ എന്ന് മനസ്സിലാക്കേണ്ടി വരും. റി ഫോംസ് കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഒരു പക്ഷെ മാറ്റം ഉണ്ടായേക്കാമെന്ന് പോലീസിനുള്ളിൽ തന്നെ പലരും പറയുന്നു.
പ്രഗത്ഭൻമാരുടെ സേനക്ക് കളങ്കമുണ്ടായാൽ
ദേശിയ അന്വേഷണ ഏജൻസി രൂപീകരിച്ചപ്പോൾ പ്രഥമ ഡയറക്ടർ മലയാളിയായ രാധാവിനോദ് രാജു ആയിരുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. റിസർച്ച് ആന്റ് അനാലിസസ് വിങ്ങിന്റെ ഡയറക്ടറായിരുന്നു മുൻ ഡി.ജി.പി ഹോർമിസ് തരകൻ. മുൻ ഡി.ജി.പിമാരായ ജേക്കബ് പുന്നൂസ്,ഋഷിരാജ് സിങ്ങ്, അലക്സാണ്ടർ ജേക്കബ്,റിട്ട എസ്.പി കെ.ജി സൈമൺ തുടങ്ങി മിടുമിടക്കൻമാർ ഒരുപാട് പേർ സേനയിലുണ്ടായിട്ടുണ്ട്.
ഇവരൊക്കെ അറിയപ്പെട്ടിരുന്നവരാണെങ്കിൽ. അറിയപ്പെടാതെ പോയവർ അതിലുമധികമാണ്. ചുറ്റുപാടുകൾ മാത്രം നോക്കി ഒരു കൊലപാതകത്തിന് തുമ്പുണ്ടാക്കിയത് കൊച്ചിയിലെ ഒരു സബ് ഇൻസ്പെക്ടറായിരുന്നെങ്കിൽ കൂടത്തായി കേസിലെ പ്രഥമ വിവരങ്ങൾ കണ്ടെത്തിയത് സ്പെഷ്യൽ ബ്രാഞ്ചിലെ ഒരുദ്യോഗസ്ഥനായിരുന്നു.
Also Read: Suresh Gopi: ഫോണില്ലെന്ന് സങ്കടം അറിയിച്ച് വിദ്യാർഥി, ദാ വന്നു ഫോണുമായി സുരേഷ് ഗോപി
ഇങ്ങിനെ മികച്ച് നിൽക്കുന്ന സേനക്ക് ഉണ്ടാവുന്ന കളങ്കങ്ങൾ അത് ആറ്റിങ്ങലിലെ വനിതാ പോലീസിന്റേതായാലും,മലപ്പുറത്തെ പോക്സോ അറസ്റ്റായാലും പോലീസിനോടുള്ള പൊതുവികാരത്തിനെ മാറ്റുകയും. ജനകീയതയും ജനമൈത്രിയും പേര് മാത്രമാക്കുകയും ചെയ്യും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.