കാസര്‍കോട്: സംസ്ഥാനത്ത് മഴയ്ക്ക് താൽക്കാലിക ശമനമെങ്കിലും ജാഗ്രത തുടർന്ന് ജനം. വടക്കൻ കേരളത്തിലും (Malabar Region) മഴയ്ക്ക് കുറവുണ്ട്. ഇന്നലെ രാത്രിക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞു. പാലക്കാട്ടും (Palakkad) മഴ വിട്ട് നിൽക്കുകയാണ്. മഴയ്ക്ക് ശമനമുണ്ടായതോടെ മലമ്പുഴ അണക്കെട്ടിന്റെ (Malampuzha Dam) ഷട്ടറുകൾ താഴ്ത്തി നീരൊഴുക്ക് കുറച്ചു.
പോത്തുണ്ടി ഡാമിന്റെ ഷട്ടറും താഴ്ത്തി. പുഴകളിൽ വെള്ളം അപകട നിലയിലേക്ക് എത്തിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്. മഴ കുറഞ്ഞതിനാൽ നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളും സാധാരണ നിലയിലായി.
Also Read: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ
മലപ്പുറത്തും മഴയ്ക്ക് താൽക്കാലിക ശമനമുണ്ടായിട്ടുണ്ട്. എന്നാൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ പൊന്നാനി, തിരൂർ താലൂക്കുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി 9 വീടുകൾ ഭാഗീകമായി തകർന്നു. ചാലിയാര്‍, ഇരുവഴഞ്ഞി പുഴകളില്‍ വെള്ളം കൂടിയിട്ടില്ല. പൊന്നാനിയിൽ രണ്ടുകുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
വയനാട്ടിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. 25 അംഗ കേന്ദ്രസംഘം വയനാട്ടിൽ തുടരുകയാണ്. മുൻകരുതലിന്‍റെ ഭാഗമായാണ് കേന്ദ്രസംഘം കണ്ണൂരിൽ നിന്ന് വയനാട്ടിലെത്തിയത്. കണ്ണൂരിൽ മലയോര മേഖലയിലുൾപ്പെടെ ഇടവിട്ട കനത്ത മഴയുണ്ട്. കണ്ണവം കുറിച്യ കോളനിയിലെ ഒരു വീട് പൂർണ്ണമായി തകർന്നെങ്കിലും അകത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. കാസർകോട് ഇന്നലെ രാത്രിമുതൽ മഴ വിട്ടുനിൽക്കുകയാണ്.
അതേസമയം കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ മഴ കുറഞ്ഞതോടെ തെന്മല അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തില്ല. നിലവില്‍ ഒന്നരമീറ്ററാണ് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. കല്ലടയാറിന് സമീപമുളളവര്‍ ജാഗ്രത പാലിക്കണം. പുനലൂര്‍ ഉള്‍പ്പെടെയുളള താഴ്ന്ന പ്രദേശങ്ങളില്‍ കല്ലടയാറില്‍ നിന്ന് വെളളം കയറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...