Kiifb | സിഎജിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കിഫ്ബി

സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ ഏകപക്ഷീയമാണെന്നും കിഫ്ബി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 14, 2021, 10:15 AM IST
  • കിഫ്ബിയും ആന്യുറ്റി മാതൃകയിൽ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്
  • അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ ഒരു സംവിധാനമല്ല
  • 70000 കോടിയോളം രൂപ വരുന്ന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ കിഫ്ബിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്
  • വളരെ ശക്തമായ സാമ്പത്തിക അഥവാ വരുമാന സ്രോതസ് ഉള്ള സ്ഥപനമാണ് കിഫ്ബി
Kiifb | സിഎജിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കിഫ്ബി

തിരുവനന്തപുരം:  സിഎജിയുടെ (CAG) വിമർശനങ്ങൾക്ക് മറുപടിയുമായി കിഫ്ബി. കിഫ്ബി സർക്കാരിനെ കടക്കെണിയിലാക്കുമെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ ഏകപക്ഷീയമാണെന്നും കിഫ്ബി (KIIFB) ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കിഫ്ബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കിഫ്ബിയുടേത് ആന്യൂറ്റി മാതൃക; ഓഫ് ബജറ്റ് കടമെടുപ്പല്ല

കിഫ്ബിയും ആന്യുറ്റി മാതൃകയിൽ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്.അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ ഒരു സംവിധാനമല്ല. ബജറ്റ് പ്രസംഗങ്ങളിൽ പ്രഖ്യാപിച്ച ഏതാണ്ട് 70000 കോടിയോളം രൂപ വരുന്ന  പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ  കിഫ്ബിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനു  കാലക്രമേണ വളരുന്ന ആന്യൂറ്റി (growing annuity) പേയ്മെന്റ് ആയി  കിഫബിക്ക്  മോട്ടോർ വാഹന നികുതിയുടെ പകുതിയും  പെട്രോൾ സെസ്സ്  തുകയും നൽകുമെന്ന്  സർക്കാർ നിയമം മൂലം ഉറപ്പ്  നൽകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ  വളരെ ശക്തമായ സാമ്പത്തിക അഥവാ വരുമാന സ്രോതസ് ഉള്ള സ്ഥപനമാണ് കിഫ്ബി. കിഫ്ബി ശാസ്ത്രീയമായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു വലിയ ആന്യറ്റി സ്‌കീം  ആണ് എന്ന് ലളിതമായി ഉപസംഹരിക്കാം.

കിഫ്ബിയുടെ കാര്യത്തിൽ ഇരുപത്തഞ്ച് ശതമാനം പദ്ധതി എങ്കിലും വരുമാനദായകമാണ് . വൈദ്യുതി ബോർഡിന്, കെ ഫോണിന്, വ്യവസായ ഭൂമിക്ക്, തുടങ്ങിയവക്ക് നൽകുന്ന വായ്പ മുതലും പലിശയും ചേർന്ന് കിഫ്ബിയിൽ തിരിച്ചെത്തുന്നുണ്ട്.  അങ്ങനെ നോക്കിയാൽ ഈ തുകയും നിയമം മൂലം  സർക്കാരിൽ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും  ചേർത്താൽ  കിഫ്ബി ഒരിക്കലും കടക്കെണിയിൽ ആവില്ല. ഇതിനു എന്താണ് ഇത്ര ഉറപ്പ് എന്ന് ന്യായമായും ചോദിക്കാം. കാരണം ഓരോ പ്രോജക്ട്  എടുക്കുമ്പോഴും  അതിന്റെ ബാധ്യതകൾ എന്തെല്ലാമാണ്  കൊടുക്കേണ്ടി വരിക എന്ന് കൃത്യമായി  ഗണിച്ചെടുക്കാൻ പോന്ന അസെറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് സോഫ്റ്റ് വെയർ കിഫ്ബി വികസിപ്പിച്ചിട്ടുണ്ട്. അതുപോലെ  കിഫ്ബിക്ക് വരും വർഷങ്ങളിൽ  ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക് കൂട്ടാൻ ആവും.

ALSO READ: Fuel tax| ഇന്ധനനികുതി: കെ.എൻ ബാലഗോപാലിനെ പിന്തുണച്ച്‌ പി ചിദംബരം

ഭാവിയിൽ ഒരു ഘട്ടത്തിലും കിഫ്ബിയുടെ ബാധ്യതകൾ  വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് മാത്രമേ കിഫ്ബി ഡയറക്ടർ ബോർഡ് പ്രോജക്ടുകൾ  അംഗീകരിക്കൂ.  അസറ്റ്  ലയബിലിറ്റി  മാച്ചിങ് (ALM)മോഡൽ നടത്താൻ കഴിയുന്ന  സോഫ്റ്റ് വെയർ അടിസ്ഥാനത്തിൽ ആണ് കിഫ്ബി പ്രവർത്തിക്കുന്നത്, ഇത്  കൊണ്ടാണ്  കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകും എന്ന ആരോപണം സാധൂകരിക്കപ്പെടാത്തത്. സംസ്ഥാനത്തെ കടക്കെണിയിലാക്കും  എന്നും മറ്റുമുള്ള  ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. അനിയന്ത്രിതമായ കടമെടുപ്പല്ല കിഫ്ബിയിൽ നടക്കുന്നതെന്ന് സാരം.

ബജറ്റിന് പുറത്ത് പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴിയായിട്ടല്ല സർക്കാർ കിഫ്ബിയെ വിഭാവനം ചെയ്തിരിക്കുന്നത്.സംസ്ഥാത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് ആവശ്യമായ ധനസമാഹരണത്തിനായി രൂപീകൃതമായ ബോഡി കോർപ്പറേറ്റാണ് കിഫ്ബി. അതിനായി സംസ്ഥാന സർക്കാർ ആന്യൂറ്റിക്ക് അടിസ്ഥാനമായ വാർഷിക വിഹിതം ബജറ്റിൽ ഉൾക്കൊള്ളിച്ചു നൽകുന്നു എന്ന് ആവർത്തിച്ചു പറയട്ടെ. എന്നാൽ സിഎജിയുടെ 2020ലെ സംസ്ഥാനത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിയുടെ വായ്പകളെ സംബന്ധിച്ച പരാമർശങ്ങൾ ഏകപക്ഷീയവും മേൽപ്പറഞ്ഞ വസ്തുതകൾക്ക് നിരക്കാത്തതുമാണ്.

ALSO READ: K Surendran | കിഫ്ബിക്കെതിരായി വീണ്ടും സിഎജി റിപ്പോർട്ട്: സർക്കാർ മാപ്പു പറയണമെന്ന് കെ.സുരേന്ദ്രൻ

ആന്യൂറ്റി മാതൃകയിലുള്ള കിഫ്ബിയുടെ പ്രവർത്തനരീതിയെ ബജറ്റിന് പുറത്തുള്ള കടമെടുപ്പ് സംവിധാനമായി വ്യാഖ്യാനിക്കുകയാണ് സിഎജി റിപ്പോർട്ടിൽ. റിപ്പോർട്ടിൽ പറയുന്ന കാലയളവിൽ തന്നെ കേന്ദ്രസർക്കാരും ആന്യുറ്റി മാതൃകതയിലുള്ള സാമ്പത്തിക ക്രയവിക്രയം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഫണ്ട് കണ്ടെത്തി വിനിയോഗിച്ചിട്ടുണ്ട്. എഴുപത്താറായിരത്തിനാനൂറ്റിമുപ്പത്തഞ്ച്  കോടി (Rs.76,435.45)രൂപയുടെ പദ്ധതികൾ കിഫ്ബി അനുവർത്തിക്കുന്ന രീതിയിൽ ആന്യുറ്റി മാതൃകയിൽ ഫണ്ട് ചെയ്യുന്നതിന് ഉറപ്പ് നൽകിയിട്ടുണ്ട്. ആ സമയത്ത് തന്നെ നാൽപ്പത്തോരായിരം കോടി(Rs.41,292.67)യിലേറെ രൂപയുടെ ആന്യുറ്റി ബാധ്യത കേന്ദ്രസർക്കാരിന് നിലനിൽക്കുന്നുണ്ട് എന്നതും എടുത്തുപറയണം.

2019 -20 വരെകിഫ്ബി 5,036.61 കോടി രൂപ കടമെടുക്കുകയും 353.21 കോടി രൂപ പലിശ ഇനത്തിൽ അടച്ചു തീർത്തിട്ടുമുണ്ട്. അതോടൊപ്പം ഈ കാലയളവിൽ വാഹന നികുതി വിഹിതം, പെട്രോൾ സെസ് എന്നീ ഇനങ്ങളിലായി സംസ്ഥാന സർക്കാർ 5,572.85 കോടി രൂപ കിഫ്ബക്ക് നൽകിയിട്ടുമുണ്ട്. അതായത്,കിഫ്ബിയുടെ ആ കാലയളവിലെ  ബാധ്യതയേക്കാൾ കൂടുതൽതുക സർക്കാരിൽ നിന്നും നൽകിയിട്ടുണ്ട്.മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ കിഫ്ബി വായ്പകളെ ഓഫ് ബജറ്റ് കടമെടുപ്പായോ സർക്കാരിന്റെ നേരിട്ടുള്ള ബാധ്യത ആയോ വ്യാഖ്യാനിക്കേണ്ടതില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News