തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് കുരുന്നുകളുടെ മനം കവർന്നു. കരിനട ആശ്രയയുടെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് കെ.എസ്.ആർ.ടി.സി. കുട്ടികൾക്കായി സംസ്ഥാനത്ത് ആദ്യത്തെ യാത്രാക്യാമ്പാണ് നെയ്യാറ്റിൻകരയിൽ ഒരുക്കിയത്.
വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ഏകദിന യാത്രയും പഠന ക്ലാസുകളും ഇടകലർന്നതായിരുന്നു ''ആന വണ്ടിയും കുട്ട്യോളും'' ക്യാമ്പിൽ ഒരുക്കിയിരുന്നത്. പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള 31 കുട്ടികൾ പങ്കെടുത്തു. കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യത്തെ യാത്രാ ക്യാമ്പായ "ആനവണ്ടിയും കുട്ട്യോളും " ക്യാമ്പ് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ ഉദ്ഘാടനം ചെയ്തു.
Read Also: സിൽവർ ലൈൻ കല്ലിടൽ മരവിപ്പിച്ചെന്ന് സർക്കാർ ; എന്തിനായിരുന്നു ഈ കോലാഹലമെന്ന് കോടതി
ചടങ്ങിൽ ആശ്രയ രക്ഷാധികാരി അയണിത്തോട്ടം കൃഷ്ണൻ നായർ, നിംസ് ജനറൽ മാനേജർ ഡോ. സജു, കെ.എസ്.ആർ.ടി.സി. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, ടൂറിസം സെൽ കോ - ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ക്യാമ്പ് ഡയറക്ടർ ഗിരീഷ് പരുത്തി മഠം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നഗരസഭ ചെയർമാനും ക്യാമ്പംഗങ്ങളായ കുട്ടികളും ചേർന്ന് ബലൂണുകൾ പറത്തിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. പ്രശസ്ത കവി സുമേഷ് കൃഷ്ണൻ കവിതകളിലൂടെ കുട്ടികളെ പരിചയപ്പെട്ടു. "കവിതകളുടെ ജനനം " എന്ന വിഷയത്തെപ്പറ്റി സുമേഷ് കൃഷ്ണൻ കുട്ടികളോട് സംവദിച്ചു.
പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.ആർ. അജയൻ കുട്ടികളോട് അനുഭവങ്ങൾ പങ്കിട്ടു. കെ.ആർ. അജയൻ എല്ലാ കുട്ടികൾക്കും ഓരോരുത്തരുടെയും അഭിരുചിക്ക് അനുസൃതമായ പുസ്തകങ്ങളും കൈമാറി. ഭാവിയിലും സന്നദ്ധ സഹകരണത്തോടെ ഇത്തരം യാത്രാ ക്യാമ്പുകൾക്ക് ബജറ്റ് ടൂറിസം സെൽ നേതൃത്വം നൽകുമെന്ന് സംഘാടകർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...