ഇടത് മുന്നണി അധികാരത്തിലേക്ക് :ആരായിരിക്കും അടുത്ത മുഖ്യമന്ത്രി ?

91 സീറ്റ് നേടി ഇടതു മുന്നണി അധികാരത്തിലേക്ക്. യുഡിഎഫ് 47 സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടിയതിനു പുറമെ എല്ലാ മുന്നണികള്‍ക്കും എതിരെ മത്സരിച്ച പിസി ജോര്‍ജ് പൂഞ്ഞാറില്‍ ചരിത്രവിജയം നേടി.തിരുവനന്തപുരം നേമം മണ്ഡലത്തില്‍  ഒ.രാജഗോപാലിലൂടെ   ബി .ജെ പി കേരളത്തിലാദ്യമായി അക്കൌണ്ട് തുറന്നു 

Last Updated : May 19, 2016, 06:23 PM IST
 ഇടത് മുന്നണി അധികാരത്തിലേക്ക് :ആരായിരിക്കും അടുത്ത മുഖ്യമന്ത്രി ?

തിരുവനന്തപുരം: 91 സീറ്റ് നേടി ഇടതു മുന്നണി അധികാരത്തിലേക്ക്. യുഡിഎഫ് 47 സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടിയതിനു പുറമെ എല്ലാ മുന്നണികള്‍ക്കും എതിരെ മത്സരിച്ച പിസി ജോര്‍ജ് പൂഞ്ഞാറില്‍ ചരിത്രവിജയം നേടി.തിരുവനന്തപുരം നേമം മണ്ഡലത്തില്‍  ഒ.രാജഗോപാലിലൂടെ   ബി .ജെ പി കേരളത്തിലാദ്യമായി അക്കൌണ്ട് തുറന്നു 

മന്ത്രിമാരായ ഷിബു ബേബി ജോണ്‍, കെ ബാബു, പി കെ ജയലക്ഷമി, കെ.പി.മോഹനന്‍എന്നിവര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ഭൂരിപക്ഷം കുറഞ്ഞു. സ്പീക്കര്‍ എന്‍ ശക്തന്, ചീഫ് വീപ്പ് തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ പരാജയപ്പെട്ടു. നിലമ്പൂരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലം വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. ആര്യാടന് മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി പി വി അന്‍വര്‍ വിജയിച്ചു. മുവാറ്റുപുഴയില്‍ ജോസഫ് വാഴക്കന്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. കെ. ബാബുവിനെ പരാജയപ്പെടുത്തി എം സ്വരാജും പട്ടാമ്പിയില്‍ സിപി മുഹമ്മദിനെ പരാജയപ്പെടുത്തി മുഹമ്മദ് മുഹ്‌സിനും വിജയിച്ചു. താനൂരില്‍ അബ്ദു റഹ്മാന് രണ്ടത്താണി തോറ്റു. കല്‍പ്പറ്റയില്‍ എംവി ശ്രേയാംസ് കുമാറിനെ സികെ ശശീന്ദ്രന് പരാജയപ്പെടുത്തി. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ കെ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ കെസി ജോസഫ് എന്നിവര്‍ പരാജയപ്പെട്ടു. ഇവരുടെ പരാജയത്തോടെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എം പിളര്‍ത്തി രൂപീകരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് അപ്രസക്തമായി. ആര്‍എസ്പി കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. ആര്‍എസ്പി നേതാവ് എ.എ.അസീസ് ഇരവിപുരത്ത് 28,830 വോട്ടിന് പരാജയം ഏറ്റുവാങ്ങി. ചവറയില്‍ ഷിബു ബേബി ജോണും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും പരാജയപ്പെട്ടു.

ബിജെപി വിജയിക്കുമെന്ന് അവകാശപ്പെട്ട കഴക്കൂട്ടം, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, തിരുവനന്തപുരം സീറ്റുകളില്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവെയ്ക്കാനായെങ്കിലും വിജയിക്കാനായില്ല. വട്ടിയൂര്‍ക്കാവില് കുമ്മനം രാജശേഖരനും കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കാസര്‍കോട് രവീശ തന്ത്രി കുണ്ടാറും മലമ്പുഴയില് സി കൃഷ്ണകുമാറും രണ്ടാം സ്ഥാനത്തെത്തി. ഇതില്‍ കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് പരാജയപ്പെട്ടത്. പാലക്കാട് സിപിഐഎമ്മിന്റെ എന്‍എന്‍ കൃഷ്ണദാസിനേയും കഴക്കൂട്ടത്ത് വാഹിദിനെയും മഞ്ചേശ്വരത്ത് ഇടതുമുന്നണിയുടെ സിഎച്ച് കുഞ്ഞമ്പുവിനെയും കാസര്‍കാട് ഐഎന്‍എലിന്റെ ഡോ എ എ അമീനെയും വട്ടിയൂര്‍ക്കാവില് സിപിഐഎമ്മിന്റെ ടിഎന്‍ സീമയെയും മലമ്പുഴയില്‍ കോണ്ഗ്രസിന്റെ വിഎസ് ജോയിയേയും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റി. ചെങ്ങന്നൂരില്‍ പിസി വിഷ്ണുനാഥിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള രണ്ടാം സ്ഥാനത്തെത്തി. സിപിഐഎമ്മിന്റെ കെകെ രാമചന്ദ്രന് നായരാണ് ഇവിടെ വിജയിച്ചത്.

തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് ഇടതു തരംഗം ആഞ്ഞുവീശിയത്. അഴിമതി ആരോപണവിധേയരായ മന്ത്രിമാരും എംഎല്‍എമാരും പരാജയപ്പെട്ടു. മൂന്നു മാധ്യമ പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ ആറന്മുളയില്‍ വീണാ ജോര്‍ജ് വിജയിച്ചപ്പോള്‍ അഴിക്കോട് എംവി നികേഷ് കുമാറും തൃക്കാക്കരയില്‍ ഡോ സെബാസ്റ്റ്യന്‍ പോളും പരാജയപ്പെട്ടു. മത്സരിച്ച സിനിമ താരങ്ങളില്‍ കെ ബി ഗണേഷ് കുമാറും മുകേഷും വിജയിച്ചപ്പോള്‍ ജഗദീഷും ഭീമന്‍ രഘുവും പരാജയപ്പെട്ടു.കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പരാജയപ്പെടുത്തണം എന്ന പ്രസ്താവന കൊടുത്തതിനെ തുടര്‍ന്ന് ഏറെ വിവാദമായ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ എന്‍ .ശംസുദ്ധീന്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. 

വടക്കാഞ്ചേരിയില്‍ കേടുവന്ന യന്ത്രത്തിലെ വോട്ടുകള്‍ കണ്ടെടുക്കാന്‍ ശ്രമിക്കണോ ആ ബൂത്തില്‍ റീ പോളിംങ് നടത്തണമെന്നോ എന്നു തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കലക്ടര്‍ സന്ദേശം നല്‍കി. ഇതിനിടെ എല്‍ഡിഎഫ് റീ പോളിംങ് ആവശ്യപ്പെട്ടു. ഇവിടെ മൂന്നു വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കര 3 വോട്ടുകള്ക്ക്  ലീഡ് ചെയ്യുകയാണ്. കേടുവന്ന യന്ത്രത്തിലെ 960 വോട്ടുകളാണ് എണ്ണാനുള്ളത്.എല്‍.ഡി .എഫില്‍  മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ആരാണ് 

മുഖ്യമന്ത്രി  എന്നത് വരും ദിനങ്ങളില്‍ അറിയാം .മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എല്ലാം പാര്‍ട്ടി തീരുമാനിക്കും എന്ന മറുപടിയാണ് മലമ്പുഴ മണ്ഡലത്തില്‍ നിന്ന്‍ 27000 ത്തോളം വോട്ടിന് വിജയിച്ച വി .എസ് നല്‍കിയത്.ധര്‍മടം മണ്ഡലത്തില്‍ നിന്ന്‍ 36000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിന് വരും ദിനങ്ങളില്‍ ഉത്തരമാവും .അതോ ആരും പ്രതീക്ഷിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രി  ആവാന്‍ സാധ്യത ഉണ്ടോ ?പ്രത്യേകിച്ചും നറുക്ക്   തോമസ്‌ ഐസക്കിനെ പോലുള്ളവര്‍ വീഴുമോ  ?കാത്തിരിക്കാം ! 

Trending News