ബന്ധു നിയമനത്തിനായി മാറ്റം നിർദേശിച്ചത് മന്ത്രി തന്നെ; മന്ത്രി കെടി ജലീലിൻറെ കത്ത് പുറത്ത്

ബന്ധുനിയമനത്തിനായി മന്ത്രി കെടി ജലീലാണ് മാറ്റം നിർദേശിച്ച് ന്യൂനപക്ഷ വികസന കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയത്

Written by - Zee Hindustan Malayalam Desk | Last Updated : Apr 10, 2021, 11:47 AM IST
  • മന്ത്രി കെടി ജലീൽ ന്യൂനപക്ഷ വികസന കോർപറേഷൻ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത്
  • കോർപറേഷൻ നിർദേശിക്കാതെ മന്ത്രി മാറ്റം ആവശ്യപ്പെട്ടത് ബന്ധുവിന് വേണ്ടിയെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു
  • ബന്ധുവായ അദീബിന്റെ നിയമനത്തിനായാണ് കത്ത് നൽകിയത്
  • ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലേക്കായിരുന്നു നിയമനം
ബന്ധു നിയമനത്തിനായി മാറ്റം നിർദേശിച്ചത് മന്ത്രി തന്നെ; മന്ത്രി കെടി ജലീലിൻറെ കത്ത് പുറത്ത്

തിരുവനന്തപുരം: ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ  തസ്തികയിലെ യോ​ഗ്യതയിൽ മാറ്റം വരുത്താൻ മന്ത്രി കെടി ജലീൽ നിർദേശിച്ച കത്ത് പുറത്ത്. മന്ത്രിയുടെ ബന്ധുവായ അദീബിന്റെ നിയമനത്തിനായി മന്ത്രി തന്നെയാണ് മാറ്റം നിർദേശിച്ചത്. ന്യൂനപക്ഷ വികസന കോർപറേഷൻ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. ലോകായുക്ത ഉത്തരവിന്റെ പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത് ഈ കത്താണ്.

കോർപറേഷൻ നിർദേശിക്കാതെ മാറ്റം ആവശ്യപ്പെട്ടത് ബന്ധുവിന് വേണ്ടിയാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമാണ് ലോകായുക്ത ഡിവിഷൻ ബെഞ്ച് വിധിച്ചത്. ന്യൂനപക്ഷ കോർപറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് ലോകായുക്തയുടെ വിധി.

ബന്ധു നിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോ​ഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജർ ആയി നിയമിക്കാൻ ചട്ടംലംഘിച്ചതായും വിധിയിൽ പറയുന്നു. ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ലോകായുക്ത കോടതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെടി ജലീലിന്റെ തീരുമാനം. ഇത് സംബന്ധിച്ച് നിയമ വിദ​ഗ്ധരുമായി ആലോചന നടത്തി. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തര പ്രാധാന്യത്തോടെ ഹർജി എത്തിക്കാനാണ് നീക്കം.

More Stories

Trending News