ഏറണാകുളത്ത് കണ്ണന്താനത്തിന് വന്‍ തിരിച്ചടി

ബിജെപി പ്രതീക്ഷിച്ചതിനേക്കാള്‍ ബഹുദൂരം പിന്നിലാണ് കേരളത്തില്‍.   

Updated: May 23, 2019, 11:00 AM IST
ഏറണാകുളത്ത് കണ്ണന്താനത്തിന് വന്‍ തിരിച്ചടി

ഏറണാകുളം: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് സീറ്റുകള്‍ തൂത്തുവാരുകയാണ്. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 20 സീറ്റുകളില്‍ 19 സീറ്റിലും യുഡിഎഫ് കുതിക്കുകയാണ്.

ആലപ്പുഴയില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്. ഇപ്പോള്‍ എല്‍ഡിഎഫ് ആണ് ആലപ്പുഴയില്‍ ലീഡ് നേടിയിരിക്കുന്നത്. 

എന്നാല്‍ ബിജെപി പ്രതീക്ഷിച്ചതിനേക്കാള്‍ ബഹുദൂരം പിന്നിലാണ് കേരളത്തില്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വളരെ പിന്നിലാണ്. യുഡിഎഫിന്‍റെ ഹൈബി ഈഡനാണ് ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്‍റെ പി രാജീവാണുള്ളത്.

ഹൈബിക്ക് 64,663 വോട്ടും, പി രാജീവിന് 44,269 വോട്ടും രേഖപ്പെടുത്തിയ സമയത്ത് കണ്ണന്താനത്തിന് ആകെ 18,106 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഏതാണ്ട് 17 ശതമാനത്തോളം വോട്ടാണ് ഇതുവരെ എറണാകുളത്ത് എണ്ണിക്കഴിഞ്ഞിട്ടുള്ളത്.

എറണാകുളത്ത് നിന്നൊരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനത്തോടെയാണ് ബിജെപി കണ്ണന്താനത്തെ എറണാകുളത്ത് ഇറക്കിയത്.