തിരുവന്തപുരം: എക്സാലോജിക്ക് കേസ് രാഷ്ട്രീയ പ്രേരിതമെന്നും മകളുടെ പേരിൽ കേസെടുത്ത് മുഖ്യമന്ത്രിയെ കുടുക്കാനുള്ള ശ്രമവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പിണറായി വിജയനെ എങ്ങനെ ഒതുക്കാമെന്നത് മാത്രമാണ് ഈ കേസിന് പിന്നിലെ യഥാർത്ഥ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന എംഎൽഎ തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുന്നതെന്നും ഒടുവിൽ അത് യുഡിഎഫ് ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കാണാറുള്ളത്.
എക്സാലോജിക്ക് കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് ഒരുക്കമെന്നും ഏത് ഏജൻസികൾ വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം സിൽവർലൈന്‍ പദ്ധതി സർക്കാർ ഉപേക്ഷിട്ടില്ലെന്നും അത് സംസ്ഥാനത്തിന്റെ വികസന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എയിംസ് പോലുള്ള വികസന പദ്ധതികളോട് കേന്ദ്രസർക്കാറിന് അവഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എക്സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണ്. മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ എത്താതെ ഒളിച്ചോടിയതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മകൾ മാത്രമല്ല മുഖ്യമന്ത്രിയും മാസപ്പടി വാങ്ങിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് കെഎംആർഎൽ മാസപ്പടി കൊടുക്കാൻ കാരണം മുഖ്യമന്ത്രിയുടെ വഴിവിട്ട സഹായം ലഭിക്കാനാണ്. മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും കരിമണൽ കമ്പനിക്ക് ചെയ്ത് കൊടുത്ത സഹായങ്ങളെല്ലാം പുറത്തുവരുകയും ചെയ്തതാണ്.
ഈ സാഹചര്യത്തിൽ ഇനിയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹതയില്ല. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിക്കെതിരായ ആരോപണം ഉന്നയിക്കുന്നതിൽ ആത്മാർത്ഥതയില്ല. വിഡി സതീശൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സർക്കാർ അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കും. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര ബഡ്ജറ്റിനെതിരെ രംഗത്ത് വന്നത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. 15ാം ധനകാര്യ കമ്മീഷൻ ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റി ഗ്രാന്റ്കൊടുത്തത് കേരളത്തിനാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാളും 2220 കോടി രൂപ നികുതി വിഹിതത്തിൽ മാത്രം കേരളത്തിന് കൂടുതൽ ലഭിക്കും. റെയിൽവെ വികസനത്തിൽ യുപിഎ സർക്കാരിനേക്കാൾ ഏഴിരട്ടി അധികമാണ് ഇത്തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്രത്തെ പഴിചാരുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.