Mammootty Remembers Oommen Chandy: 'നാട്ടുകാർക്കിടയിൽ ഞാൻ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ മാത്രമായിരുന്നു'; ഓർമ്മകൾ പങ്കിട്ട് മമ്മൂട്ടി

സ്വന്തം ആരോ​ഗ്യം നോക്കാതെയുള്ള ഉമ്മൻ ചാണ്ടിയുടെ അലച്ചിലിനോട് മാത്രമായിരുന്നു തനിക്ക് വിയോജിപ്പെന്ന് മമ്മൂട്ടി.

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 05:12 PM IST
  • സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
  • അദ്ദേഹത്തെ ആൾക്കൂട്ടത്തിന് നടുവിൽ അല്ലാതെ കണ്ടിട്ടില്ലെന്നും ഒടുവിൽ കണ്ടപ്പോഴും ഒരു പറ്റം ആളുകൾ കൂടെ ഉണ്ടായിരുന്നുവെന്നും മമ്മൂട്ടി ഓർത്തു.
  • ഉമ്മൻ ചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതാനുള്ള നിയോ​ഗവും മമ്മൂട്ടിക്കായിരുന്നു.
Mammootty Remembers Oommen Chandy: 'നാട്ടുകാർക്കിടയിൽ ഞാൻ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ മാത്രമായിരുന്നു'; ഓർമ്മകൾ പങ്കിട്ട് മമ്മൂട്ടി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമൊത്തുള്ള ഓർമ്മകൾ പങ്കിട്ട് നടൻ മമ്മൂട്ടി. സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തെ ആൾക്കൂട്ടത്തിന് നടുവിൽ അല്ലാതെ കണ്ടിട്ടില്ലെന്നും ഒടുവിൽ കണ്ടപ്പോഴും ഒരു പറ്റം ആളുകൾ കൂടെ ഉണ്ടായിരുന്നുവെന്നും മമ്മൂട്ടി ഓർത്തു.

സ്വന്തം ആരോ​ഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ അലച്ചിലിനോട് മാത്രമായിരുന്നു തനിക്ക് വിയോജിപ്പ്. അത് പറഞ്ഞപ്പോൾ ഒരു ചിരി മാത്രമായിരുന്നു മറുപടിയെന്നും മമ്മൂട്ടി കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതാനുള്ള നിയോ​ഗവും മമ്മൂട്ടിക്കായിരുന്നു. അതിൽ എഴുതാൻ കുറിച്ച വരികളും മമ്മൂട്ടി പങ്കുവെച്ചു - "ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും....

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

''സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.
ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ  ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു.

ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു... ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം...

 " ഞാനാ ഉമ്മൻ‌ചാണ്ടിയാ" എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.

ഒരിക്കൽ ഞങ്ങളുടെ 'കെയർ ആൻഡ് ഷെയർ' പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ  പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് CRS ഫണ്ട് ഉപയോഗിച്ച് സ്പോൺസർ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു.

സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. " സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം "

ഒരു ചിരി മാത്രമായിരുന്നു മറുപടി.
'പ്രാഞ്ചിയേട്ടൻ' എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്
'ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ' എന്ന്...
ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ..
ഒരുപാടെഴുതുന്നില്ല..

എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു
അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ
"ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും....''

ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവച്ചു. പുതുപ്പള്ളിയിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭൌതിക ശരീരം തിരുവനന്തപുരത്തെത്തിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News