വയനാട് : മാനന്തവാടിയിൽ കണ്ണോത്തുമലയ്ക്ക് സമീപം ജീപ്പ് മറിഞ്ഞ് തോട്ടം തൊഴിലാളികളായ സ്ത്രീകൾ മരിച്ച സംഭവം അത്യന്തം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുഖത്ത് ഏകോപനങ്ങൾക്കായി വനം മന്ത്രി എ.കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ ഒമ്പത് പേരുടെ മരണമാണ് ഇതിനോടകം രേഖപ്പെടുത്തിയത്. ഡ്രൈവറടക്കം മൂന്ന് പേരുടെ നിലഗുരതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
"വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്" മുഖ്യമന്ത്രി അറിയിച്ചു.
ALSO READ : Mananthavady Accident: മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞ് 9 മരണം; മരിച്ചത് സ്ത്രീകൾ, 3 പേരുടെ നില ഗുരുതരം
മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. പരിക്കേറ്റവർ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഡ്രൈവർ ഒഴികെ ബാക്കിയെല്ലാവരും സ്ത്രീകളായിരുന്നു. കെ എൽ 11 ബി 5655 നമ്പർ ജീപ്പാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനം മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...