ഇടുക്കി: കട്ടപ്പനയിലെ അഥർവ എന്ന ഒരു വയസുകാരൻ മനഃപാഠമാക്കിയിരിക്കുന്നത് വലിയ വിവരങ്ങളാണ്. ആകാശ ഗോളങ്ങൾ-അവയുടെ പേര്, രൂപങ്ങൾ, വിദേശ രാജ്യങ്ങൾ, അവയുടെ പേര്, പതാകകളും, ചിഹ്നങ്ങളും, നമ്പറുകളുമൊക്കെയായി 500 ൽ അധികം കാർഡുകൾ തിരിച്ചറിയും ഈ കുരുന്നു മിടുക്കൻ.
അഥർവ്വയ്ക്ക് ഏഴു മാസം പ്രായമുള്ളപ്പോൾ മുതലാണ് അമ്മ തീർത്ഥ കുട്ടിക്ക് പരിശീലനം നൽകി തുടങ്ങിയത്. കളിക്കാനുള്ള ആഗ്രഹം കഴിവിലേയ്ക്ക് തിരിച്ചു വിടാൻ പരിശീലനം നല്ലതാണെന്ന കൂട്ടുകാരിയുടെ ഉപദേശമാണ് കുട്ടിയെ പരിശീലനത്തിലേയ്ക്ക് എത്തിച്ചതെന്ന് തീർത്ഥ പറയുന്നു.
പഠിച്ചെടുക്കാൻ അധികം നാളുകൾ വേണ്ടി വരുമെന്ന് കരുതിയവയൊക്കെ ദിവസങ്ങൾ കൊണ്ട് അഥർവ പഠിച്ചെടുത്തു. ഇതോടെ കളിയങ്ങനെ കാര്യമായി. രണ്ടു മാസം കൊണ്ട് 50 ലേറെ കാർഡുകളിലെ ചിത്രങ്ങൾ കുട്ടി തിരിച്ചറിയാൻ തുടങ്ങി. ഇതോടെ കൂടുതൽ നന്നായി പരിശീലിപ്പിച്ചു തുടങ്ങി.
രാജ്യങ്ങളുടെ പതാകയോ, കമ്പനികളുടെ ചിഹ്നമോ, വ്യക്തികളുടെയോ മൃഗങ്ങളുടെയോ ചിത്രങ്ങളോ കാണിച്ചിട്ട് അവയിൽ നിന്നും ചോദിക്കുന്നവ തൊട്ട് കാണിക്കുന്നതാണ് സംഗതി. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും കേവലം ഒരു വയസും 2 മാസവും മാത്രം പ്രായമുള്ള കുട്ടി ഇത്തരത്തിൽ 500 ലേറെ ചിത്രങ്ങൾ ചോദിക്കുന്നതനുസരിച്ച് തൊട്ടു കാണിക്കുമെന്നത് അത്ഭുതം തന്നെയാണ്. 65 വ്യക്തികൾ, 16 രാജ്യങ്ങളുടെ പതാകകൾ, ഡോട്ട്സ് കാർഡുകൾ, മൃഗങ്ങളുടെ ചിത്രങ്ങൾ, സൗരയുഥ ചിത്രങ്ങൾ, ഇങ്ങനെ പോകുന്നു അഥർവയെന്ന ചാരു വിന്റെ അത്ഭുത ലോകം.
അഥർവ്വയുടെ പരിശീലനം അമ്മ തീർത്ഥയും ഇവരുടെ അമ്മ സുമയുമാണ് നടത്തുന്നത്. കുട്ടികളുടെ കഴിവിനെ കൂടുതൽ വളർച്ചയിലേയ്ക്ക് നയിക്കുന്ന ഇത്തരം കാര്യങ്ങൾ മറ്റുള്ളവരും കുട്ടികളെ പരിശീലിപ്പിക്കണമെന്നാണ് അഥർവയുടെ മാതാപിതാക്കളായ തീർത്ഥയ്ക്കും സജിത്തിനും പറയുവാനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...