എടപ്പാള്‍: ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന സുഹൃത്തിന് ഹാന്‍സ് എത്തിക്കാനായി സുഹൃത്തുക്കള്‍ കണ്ടെത്തിയ തന്ത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
എടപ്പാള്‍ ശ്രീവത്സം ക്വാറന്‍റീന്‍ കേന്ദ്രത്തിലാണ് കേക്കില്‍ വച്ച് സുഹൃത്തിന് ഹാന്‍സ് കൈമാറാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചത്. എന്നാല്‍, പ്രവാസിയായ സുഹൃത്തിന് കൊടുക്കാന്‍ വച്ച കേക്ക് ഒരു പൂച്ച കടിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ ബോറടിച്ച് കഴിയുന്ന സുഹൃത്തിന്റെ സങ്കടം മാറ്റാന്‍ തലപുകഞ്ഞ് ആലോചിച്ച വഴിയാണ് പൂച്ച നശിപ്പിച്ചത്. \
കൊറോണ വൈറസ് പ്രതിരോധം: വേറെ ലെവല്‍ ഐഡിയയുമായി ഓട്ടോ ഡ്രൈവര്‍!
ബേക്കറിയില്‍ പ്രത്യേകം പറഞ്ഞുണ്ടാക്കിയ കേക്കിന്റെ ഒരു ഭാഗം തുരന്ന് അതിനുള്ളിലാണ് നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകള്‍ നിറച്ചത്. പരീക്ഷണം വിജയിച്ചാല്‍ സമാനമായ രീതിയില്‍ കൂടുതല്‍ ലഹരി കടത്താമെന്നായിരുന്നു പ്ലാന്‍. എന്നാല്‍, കേക്ക് ലക്ഷ്യസ്ഥാനം കാണാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ പൂച്ച പണി പറ്റിക്കുകയായിരുന്നു.
പൂച്ച കേക്കിന്റെ ഒരു ഭാഗം കഴിച്ചതോടെ അത് അവയ്ക്ക് തന്നെ നല്‍കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കേക്ക് മുറിച്ചപ്പോഴാണ് ലഹരി പാക്കറ്റ് പുറത്തുചാടിയത്. ട്രോമാകെയര്‍ ചങ്ങരംകുളം യൂണിറ്റ് ലീഡര്‍ സാജിത, അജ്മല്‍ എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍ എന്‍. അബ്ദുല്‍ ജലീല്‍ ഇവര്‍ക്ക് ശക്തമായ താക്കീത് നല്‍കി.