തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്താകെ നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാൽ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 1132 കടകളിലാണ് വകുപ്പ് പരിശോധന നടത്തിയത്. ഇതിൽ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 110 കടകള്‍ പൂട്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിലും ഹോട്ടലുകൾ കേന്ദ്രീകരിച്ച് റെയ്ഡുകൾ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മെയ് 2 മുതല്‍ ഇന്നുവരെയുള്ള ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. പൂട്ടിച്ച 110 കടകളിൽ 61 എണ്ണം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്തതാണ്. വൃത്തിഹീനമായ 49 കടകളും പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. 93 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചുവെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്നായി 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പുതിയൊരു ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തിരുന്നു. ക്യാമ്പെയ്നിന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്നും റെയ്ഡ് ശക്തമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നത് ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം കണ്ടെത്താന്‍ ഓപ്പറേഷന്‍ ജാഗറി എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.
കൂടാതെ വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കും. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ ശക്തമാക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...