കാളികാവ്, മലപ്പുറം: പുതുതായി പണിത സ്‌കൂളിലെ കെട്ടിടത്തിലെ ക്ലാസ് മുറികളില്‍ എത്തണമെങ്കില്‍ കുട്ടികള്‍ക്ക് "മിന്നല്‍ മുരളി" ആകണം...!!
മലപ്പുറം ജില്ലയിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ സർക്കാർ യുപി സ്‌ക്കൂളിലെ ( Maliekal Govt. UP School) കെട്ടിട നിർമാണം കഴിഞ്ഞപ്പോഴാണ് രസം... കുട്ടികള്‍ക്ക് ക്ലാസ് മുറിയില്‍ കയറാന്‍ യാതൊരു വഴിയും ഇല്ല...!! ഹോം വര്‍ക്ക് ചെയ്യാഞ്ഞിട്ടോ, പഠിക്കാത്ത കാരണം കൊണ്ടോ അല്ല.. രണ്ടാം നിലയില്‍ കയറാന്‍ കോണിപ്പടിയില്ല എന്നത് തന്നെ കാരണം.
ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ സര്‍ക്കാര്‍ യുപി സ്‌ക്കൂളിലെകെട്ടിട നിർമാണം പൂർത്തിയായപ്പോഴാണ് സംഭവത്തിലെ ട്വിസ്റ്റ്... കെട്ടിടത്തിന്‍റെ രണ്ടാം നിലയിലേയ്ക്ക് കയറാന്‍ കോണിപ്പടികളില്ല. കോണിപ്പടിയില്ലാതെ എങ്ങനെ അകത്തുകയറും? എന്നാല്‍, നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരൻ പറയുന്നതാകട്ടെ എസ്റ്റിമേറ്റിൽ കോണിപ്പടി നിര്‍മ്മാണം ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്...!!
എളുപ്പമായിരുന്നില്ല കെട്ടിട നിര്‍മ്മാണം. നാട്ടുകാർ സ്വരൂപിച്ച നാലു ലക്ഷവും പഞ്ചായത്തിന്‍റെ അഞ്ച് ലക്ഷവും ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പണം സമ്പാദിച്ചത്. സ്‌കൂളിൽ വേണ്ടത്ര ക്ലാസ് മുറികളില്ലാത്തതിനാൽ നാട്ടുകാർ ഫുട്‌ബോൾ ടൂർണ്ണമെന്‍റ് നടത്തിയും പിരിവെടുത്തും മറ്റുമാണ് നാല് ലക്ഷം രൂപ സ്വരൂപിച്ച് പഞ്ചായത്തിന് കൈമാറിയത്. അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് നല്‍കി. അങ്ങിനെ ഒമ്പത് ലക്ഷം രൂപ മുടക്കി രണ്ട് ക്ലാസ്സുമുറികള്‍ പണി കഴിപ്പിച്ച് ഒരു വർഷം കഴിഞ്ഞെങ്കിലും ഇതിന്‍റെ ഉൾഭാഗം കാണുവാനുള്ള ഭാഗ്യം ഇതുവരെ കുട്ടികള്‍ക്ക് ഉണ്ടായിട്ടില്ല...!!
കെട്ടിടനിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനും ക്ലാസ്സുമുറികൾ ഉപയോഗപ്പെടുത്തുന്നതിനുമായി വാർഡ് മെമ്പർ സി എച്ച് നാസർ കഴിഞ്ഞ ഒരു വർഷമായി ഭരണ സമിതിയെ സമീപിക്കുന്നും. എന്നാല്‍ നിരാശയാണ് ഫലം.
കെട്ടിടത്തിന്‍റെ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയ പഞ്ചായത്ത് എഞ്ചിനീയർക്ക് എന്തിനാണ് ഈ കെട്ടിടം ഉണ്ടാക്കുന്നതെന്ന ബോധമില്ലാതെ പോയോ? എന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA