സംസ്ഥാനത്ത് മങ്കിപോക്സ് കേസുകൾ വർധിക്കാൻ സാധ്യത; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

Monkeypox: നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ നെ​ഗറ്റീവാണ്.

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 05:07 PM IST
  • ങ്കിപോക്സ് കേസുകൾ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്
  • കേസുകൾ ഇനിയും വർധിച്ചേക്കാമെങ്കിലും നിലവിൽ മങ്കിപോക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല
  • മങ്കിപോക്സ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോ​ഗ്യനില തൃപ്തികരമാണ്
  • എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി
സംസ്ഥാനത്ത് മങ്കിപോക്സ് കേസുകൾ വർധിക്കാൻ സാധ്യത; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് മങ്കിപോക്സ് കേസുകൾ വർധിച്ചേക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ നെ​ഗറ്റീവാണ്. മങ്കിപോക്സിന് വ്യാപന ശേഷി കുറവാണ്. എന്നാൽ സംസ്ഥാനത്ത് മങ്കിപോക്സ് കേസുകൾ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. കേസുകൾ ഇനിയും വർധിച്ചേക്കാമെങ്കിലും നിലവിൽ മങ്കിപോക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മങ്കിപോക്സ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോ​ഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

കൊല്ലത്താണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് കണ്ണൂരിൽ ഒരാൾക്കും മലപ്പുറത്ത് ഒരാൾക്കും രോ​ഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ ഒരാൾക്കും മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ നാല് മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയില്‍ നിന്ന് എത്തിയവരാണ്. യുഎഇയിൽ നിന്നുള്ള യാത്രക്കാർ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി.

എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.

ALSO READ: Monkeypox and Smallpox: മങ്കിപോക്സും വസൂരിയും തമ്മിലുള്ള സാമ്യം എന്ത്? മങ്കിപോക്സ് പകരുന്നത് വസൂരിയുടെ അതേ തീവ്രതയിലോ?

എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.

മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News