തിരുവനന്തപുരം: തനിക്ക് എതിരെയുള്ള ആരോപണത്തിന് പിന്നില്‍ മുരുകേഷ് നരേന്ദ്രന്‍ എന്നയാളാണെന്ന് എം.എല്‍.എ പി.വി അന്‍വര്‍. തനിക്ക് മേലുള്ള ആരോപണം വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ആണെന്നും ഇയാളുടെ സ്വത്തു തര്‍ക്ക കേസില്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം ഉന്നയിച്ച വ്യക്തിയുടെ ബന്ധുക്കള്‍ തനിക്കൊപ്പമുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. ഇതിന് പിന്നില്‍ യുഡിഎഫ് ആണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അന്‍വര്‍ വ്യക്തമാക്കിയത്.
അനധികൃതമായല്ല അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും ലൈസന്‍സിന്‍റെ കോപ്പി തന്‍റെ പക്കല്‍ ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വിഭാഗത്തിന് ഡാം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കളക്ടര്‍ അമിത് മീണ വ്യക്തമാക്കിയിട്ടുണ്ട്.
എട്ടുമാസം മുന്‍പ് കളക്ടര്‍ നല്‍കിയ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നെന്ന് പരാതിയുണ്ടായിരുന്നു. ഡാം പൊളിക്കാന്‍ മുന്‍ ജില്ലാ കളക്ടര്‍ ടി. ഭാസ്കരന്‍ ആണ് ആദ്യം ഉത്തരവിട്ടത്. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പിഡബ്ല്യൂഡി അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
അന്‍വര്‍ അനധികൃതമായി നിര്‍മിച്ച അമ്യൂസ്മെന്റ് പാര്‍ക്ക് വിവാദമായതിനിടെയാണ് കളക്ടറുടെ ഉത്തരവ് പുറത്ത് വരുന്നത്.