ഷൊർണൂർ: വന്ദേഭാരത് ട്രെയിൻ സാങ്കേതിക തകരാർ മൂലം കണ്ണൂരിൽ രണ്ടു മണിക്കൂർ സമയത്തോളം വൈകിയതു പോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ റെയിൽവേ എൻജിനീയർമാർക്കു തീവ്രപരിശീലനം നൽകുമെന്ന് അറിയിച്ചു. കണ്ണൂരിലുണ്ടായ തകരാർ, മൊബൈൽ ഫോൺ ഹാങ്ങാവുന്നതിനു സമാനമായ സംഭവമായിരുന്നു എന്നാണു റെയിൽവേയുടെ നിരീക്ഷണം. ഓഫ് ചെയ്തു വീണ്ടും ഓൺ ചെയ്താൽ പരിഹരിക്കാമായിരുന്നുവെന്നും റയിൽവേ വിശദമാക്കി.
വന്ദേഭാരത് ഓടുന്ന റൂട്ടുകളിലെ മെക്കാനിക്കൽ വിഭാഗം എൻജിനീയർമാർക്കാണു പരിശീലനം നൽകുക. ഇതു പൂർത്തിയായാൽ സാങ്കേതിക പ്രശ്നങ്ങൾ സ്റ്റേഷനുകളിൽ തന്നെ പരിഹരിക്കാം സാധിക്കുന്നതായിരിക്കും. സാങ്കേതിക കാര്യങ്ങൾ പൂർണമായും മനസ്സിലാകാതെ സാങ്കേതിക വിഭാഗം പകച്ചു നിന്നതാണു മണിക്കൂറുകൾ നീണ്ട യാത്രാതടസ്സത്തിനു കാരണമായത്. യാത്രക്കാർക്കു പുറത്തിറങ്ങാനാകാതായി, എസി പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. ‘
വന്ദേഭാരത് പേടി’ മാറ്റാൻ കൂടിയാണു പരിശീലനം.വേഗത്തിന്റെ കാര്യമൊഴികെ മറ്റെല്ലാം ത്രീ ഫെയ്സ് മെമു ടെക്നോളജിക്കു സമാനമാണ്. മെമു ട്രെയിനുകളുടെ തകരാർ പരിഹരിക്കുന്നത് ഇലക്ട്രിക്കൽ വിഭാഗമാണ്. എന്നാൽ, മെമു സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വന്ദേഭാരത് മെക്കാനിക്കൽ വിഭാഗത്തിന്റെ ചുമതലയിലാണ്. രാജ്യത്തു നിർമിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിൻ എന്ന നിലയിൽ എൻജിനീയർമാർ പോലും അദ്ഭുതത്തോടെയാണു വന്ദേഭാരതിനെ നോക്കി കാണുന്നത്.
കണ്ണൂരിൽ തകരാറിനു പരിഹാരം വൈകാൻ കാരണമിതാണ്. ഇതോടെയാണു മെക്കാനിക്കൽ വിഭാഗത്തിനു കൂടി ത്രീ ഫെയ്സ് മെമു വർക്‌ഷോപ്പുകളിൽ പരിശീലനം നൽകാൻ തീരുമാനിച്ചത്. ദക്ഷിണ റെയിൽവേയുടെ ചെന്നൈ താംബരം, ആവഡി എന്നിവിടങ്ങളിലെ മെമു വർക്‌ഷോപ്പുകളിലാണു പരിശീലനം. കേരളത്തിൽ നിന്നുള്ളവർക്ക് ആവഡിയിലാണു പരിശീലനം. ഇതോടൊപ്പം, മംഗളൂരുവിൽ ഓവർഹെഡ് എക്യുപ്മെന്റ്സ് അറ്റകുറ്റപ്പണിക്കുള്ള സൗകര്യംകൂടി സജ്ജമാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണു വിലയിരുത്തൽ. 62.47 ലക്ഷത്തിന്റെ പദ്ധതിക്ക് ഏപ്രിലിൽ ടെൻഡർ വിളിച്ചെങ്കിലും കാര്യങ്ങൾ പാതിവഴിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...