മലപ്പുറം: കേരളത്തിന്റെ മണ്ണ് വർഗീയവാദികൾക്ക് വിട്ടുകൊടുക്കരുതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വർഗീയ പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രതയോടെ ഒറ്റക്കെട്ടായി നിൽക്കണം. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകൾക്ക് ചേർന്ന മണ്ണല്ല കേരളമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആലപ്പുഴയിലേയും പാലക്കാട്ടേയും സംഭവങ്ങൾ വിരൽചൂണ്ടുന്ന വസ്തുതയുണ്ട്. കേരളത്തിന്റെ മണ്ണ് ഇത്തരക്കാർക്ക് വിട്ടുകൊടുത്താൽ എന്തുണ്ടാകുമെന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വോട്ട് കിട്ടാൻ വകയില്ലാത്തവരാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ ഇവിടെ സ്വാധീനം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവരുടേത്. ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കണം. സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അതേസമയം, പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യമെന്ന് എഫ്ഐആര്‍. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമെന്നും കണ്ടാലറിയാവുന്ന ആറ് പേരാണ് കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ALSO READ: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം; പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
സംഭവത്തിൽ പത്ത് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലാണ്. കൊലയാളി സംഘത്തിൽ ആറുപേരാണ് ഉണ്ടായിരുന്നതെന്നും ഇവർ മൂന്ന് ബൈക്കുകളിലായാണ് എത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 24 മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയിലുണ്ടായത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തുകയും സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് കാറുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലൊന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. സുബൈറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസ് കൊല്ലപ്പെട്ടു. പാലക്കാട് മേലാമുറിയിൽ വച്ചാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസ്. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം കടയില്‍ കയറിയാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...