തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കും, എന്നാല്‍ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പൊലീസ്.
എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ തൃപ്തി ദേശായിക്കും നല്‍കും. ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടുള്ള തൃപ്തി ദേശായിയുടെ കത്തിന് പൊലീസ് മറുപടി നല്‍കില്ല. പ്രത്യേക പരിഗണന ആവശ്യമില്ലെന്നാണ് ഇതുസംബന്ധിച്ച് പൊലീസിന്‍റെ വിലയിരുത്തല്‍.
ശബരിമല സന്ദർശനത്തിനായി നവംബര്‍ 17ന് (ശനിയാഴ്ച) എത്തുമെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തിയോടൊപ്പം 7 സ്ത്രീകള്‍കൂടി ശബരിമലയില്‍ എത്തുന്നുണ്ട്.
സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദർശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്‍റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വിമാനത്താവളത്തിൽ ഇറങ്ങിയാൽ തുടർന്ന് സഞ്ചരിക്കാൻ ഞങ്ങൾ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാർ വിളിച്ചാൽ ഞങ്ങൾ വഴിയിൽ ആക്രമിക്കപ്പെടാൻ ഇടയുണ്ട്. അതുകൊണ്ട് ഞങ്ങൾക്ക് സഞ്ചരിക്കാൻ സർക്കാർ ഒരു കാർ നൽകണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് ഞങ്ങൾക്ക് താമസിക്കാൻ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം. ഇതൊക്കെയായിരുന്നു അവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍.
17ന് പുലർച്ചെ അഞ്ച് മണിക്ക് അവര്‍ കോട്ടയത്തുനിന്ന് പുറപ്പെടും. ഏഴുമണിയോടെ ദർശനത്തിനായി ശബരില സന്നിധാനത്ത് എത്തും. ഈ സമയത്ത് നിയമം കയ്യിലെടുക്കുന്നവർക്കും തടയാൻ ശ്രമിക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകണമെന്നുമെല്ലാം തൃപ്തി ദേശായി കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, സുരക്ഷ വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമല സന്ദര്‍ശിച്ചേക്കും.