ന്യൂഡല്‍ഹി: അതിജീവനത്തിന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തി എഴുതിയിരിക്കുകയാണ് പിണറായി വിജയന്‍ എന്ന കരുത്തുറ്റ കമ്യൂണിസ്റ്റ് നേതാവ്. ഒന്നര ദശകമായി രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി പിണറായിയെ വേട്ടയാടിയ കേസാണ് ലാവ്‌ലിന്‍. ജസ്റ്റിസ് ഉബൈദ് വിധി പറഞ്ഞപ്പോള്‍, വിധി പ്രതികൂലമായാല്‍ മുഖ്യമന്ത്രി പദം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് പിണറായി വിജയന്‍ പുറത്തേക്ക് വന്നത്.
ലാവലിന്‍ കേസില്‍ ഹൈക്കോടതി അംഗീകരിച്ചത് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇതോടെ തെളിഞ്ഞു. കൂട്ടിലിട്ട തത്തയാണ് കേസ് അന്വേഷിച്ചതെന്നും പിബി പ്രതികരിച്ചു. രാഷ്ട്രീയവും നിയമപരവുമായ പോരാട്ടത്തിന്‍റെ വിജയമാണിതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി എല്‍ഡിഎഫ് പ്രതിച്ഛായ വര്‍ധിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കേറ്റ തിരിച്ചടിയാണിതെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ശക്തിയെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്കാവില്ലെന്ന് തെളിഞ്ഞു. ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ സംശുദ്ധി ദേശീയമായി അംഗീകരിക്കാനും ഈ കോടതിവിധി ഉപകരിക്കും.