Popular Front of India: പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്ത് തുടങ്ങി; സംസ്ഥാനത്ത് കനത്ത സുരക്ഷ

Popular Front of India: കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാനപ്പെട്ട ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 03:32 PM IST
  • കേരളത്തിലും പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്
  • ഓഫീസുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാനത്തെ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി
  • പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു
Popular Front of India: പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്ത് തുടങ്ങി; സംസ്ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സർക്കാർ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ സീൽ ചെയ്ത് തുടങ്ങി. പിഎഫ്ഐയുടെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ കണ്ടെത്തി ഉദ്യോഗസ്ഥരെ വിന്യസിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് സേനകൾക്ക് കേന്ദ്രം നിർദേശം നൽകി. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാനപ്പെട്ട ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു.

കേരളത്തിലും പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓഫീസുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാനത്തെ പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി.

ALSO READ: പിഎഫ്ഐയെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുകയും നിവരധി നേതാക്കളെയും പ്രവർത്തതകരെയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിനിടെ കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത് ആലുവയിലായിരുന്നു. ഈ സാഹചര്യത്തിൽ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാമ്പിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമാണ് ആലുവയിൽ എത്തിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും എഡിജിപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. നിരോധിത സംഘടനയുടെ പട്ടികയിലേക്ക് പിഎഫ്ഐയെ ഉൾപ്പെടുത്തി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോ​ഗികമായി അറിയിച്ചു. ഭീകരപ്രവർത്തനം നടത്തുന്നു, ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നു, ക്രമസമാധാനം തകർക്കുന്നു, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങിയ കുറ്റങ്ങളാണ് കേന്ദ്രം പിഎഫ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്.

ALSO READ: Popular Front of India: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ്; പരിശോധന ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട്

ഭീകര പ്രവർത്തനവുമായുള്ള ബന്ധം ആരോപിച്ച് രാജ്യ വ്യാപകമായി പിഎഫ്ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ റെയ്ഡ് നടത്തി ദേശീയ-സംസ്ഥാന നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎയും ഇഡിയും പരിശോധന നടത്തിയിരുന്നു. നാൽപ്പത്തിരണ്ടിലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News