തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും വൻ സുരക്ഷാ ക്രമീകരണങ്ങൾ. പ്രധാനമന്ത്രി ചൊവ്വാഴ്ചയാണ് കേരളത്തിൽ എത്തുന്നത്. പ്രധാമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാ മേഖലയാക്കും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടക്കുന്നത്. സുരക്ഷാ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ശനിയാഴ്ച സിറ്റി പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഭാഗങ്ങളിൽ നഗരത്തിൽ പാർക്കിങ് നിരോധിക്കും. പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ബസുകൾ വരുന്നതും പോകുന്നതും നിയന്ത്രിക്കും.
ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ 11 വരെ തിരുവനന്തപുരം തമ്പാനൂർ ഡിപ്പോ പ്രവർത്തിക്കില്ല. ഡിപ്പോയിൽ നിന്ന് ബസ് സർവീസുകൾ ഉണ്ടാകില്ല. പകരം വികാസ് ഭവനിൽനിന്നായിരിക്കും തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം നടത്തുന്നത്. ഡിപ്പോ കോംപ്ലക്‌സിലെ കടകളും അടച്ചിടും. 11 മണി കഴിഞ്ഞ് കടകൾക്ക് പ്രവർത്തിക്കാം. പാർക്കിങ്ങും നിരോധിക്കും. ബസ് സ്റ്റാൻഡിലെ പാർക്കിങ് തിങ്കളാഴ്ച ഒഴിപ്പിക്കും.
പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി തമ്പാനൂർ ഭാഗത്തെ സ്റ്റാൻഡുകളിൽനിന്ന് ഓട്ടോറിക്ഷകളും ഒഴിപ്പിക്കാനാണ് സാധ്യത. പ്രധാനമന്ത്രി വിമാനത്താവളത്തിൽ നിന്ന് വരുന്ന സ്ഥലം മുതൽ വിവിധ പരിപാടി നടക്കുന്നയിടങ്ങൾവരെ പാർക്കിങ് അനുവദിക്കില്ല. വാഹനഗതാഗതം പൂർണമായും നിയന്ത്രിക്കും. പ്രധാനമന്ത്രി എത്തുന്ന ദിവസം റെയിൽവേ സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലേക്ക് പോകുന്നതിനും ടിക്കറ്റ് വിൽപ്പനയ്ക്കും നിയന്ത്രണമുണ്ടാകും.
നിയന്ത്രണങ്ങൾ സംബന്ധിച്ച അന്തിമകാര്യങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി തീരുമാനിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിൽ നിന്ന് അറിയിച്ചു. പ്രധാനമന്ത്രിയുടെ കേരള സന്ദർശന സമയത്ത് വലിയ സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് കർശന നിയന്ത്രണങ്ങളും ശക്തമായ സുരക്ഷയും ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...