കുട്ടികളോട് മര്യാദക്ക് പെരുമാറണം; ഇല്ലെങ്കിൽ ലൈസൻസും പെർമിറ്റും പോകും

ബസുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും  സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാൻ അനുവദിക്കാത്തതും ഗൗരവമായാണ് കാണുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 08:48 PM IST
  • ഇടുക്കിയിലെ റ്റോം ജോസഫ് ബാലാവകാശ കമ്മീഷന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്
  • കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കമ്മീഷൻ
  • സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ട്രാൻസ്‌പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ അംഗം
കുട്ടികളോട്  മര്യാദക്ക് പെരുമാറണം; ഇല്ലെങ്കിൽ ലൈസൻസും പെർമിറ്റും പോകും

തിരുവനന്തപുരം:  ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവd. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ട്രാൻസ്‌പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും  സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാൻ അനുവദിക്കാത്തതും കമ്മീഷൻ ഗൗരവമായാണ് കാണുന്നത്. വിദ്യാർഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനമാണ്.

 കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ  അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് വിലയിരുത്തിയ കമ്മീഷൻ ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണറോട് നിർദ്ദേശിച്ചു.

കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബസ്, സ്റ്റോപ്പിൽ നിർത്താതെ പോകുന്നു. ബസിൽ കയറിയാൽ ബസ് ജീവനക്കാർ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നു. കുട്ടികൾക്ക് പരീക്ഷകൾക്ക് സമയത്തിന് എത്താൻ കഴിയുന്നില്ല തുടങ്ങിയ പരാതികളുന്നയിച്ച് ഇടുക്കിയിലെ  റ്റോം ജോസഫ് ബാലാവകാശ കമ്മീഷന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ്  ഉത്തരവ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News