പ്രൊഫ. അബ്ദുൽ ഗഫാറിന്റെ ആത്മകഥ 'ഞാൻ സാക്ഷി' പ്രകാശനം ചെയ്തു; കാസർകോട് നടന്ന ചടങ്ങിന് സാക്ഷിയായി ധോണിയും ടൊവീനോയും

Professor KK Abdul Gaffar Autobiography കാസർകോട് നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണി ആത്മകഥയുടെ ആദ്യ കോപ്പി ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ലയ്ക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 03:17 PM IST
  • ധോണിയുടെ ആത്മസുഹൃത്തായ ഡോ. ഷാജിർ ഗഫാറിന്റെ പിതാവാണ് പ്രൊഫ. അബ്ദുൽ ഗഫാർ
  • ചടങ്ങിൽ പങ്കെടുത്ത ചലചിത്രതാരം ടൊവിനോ തോമസ് അടക്കമുള്ള മറ്റ് പ്രമുഖർക്കും എം എസ് ധോണി തന്നെ 'ഞാൻ സാക്ഷിയുടെ' കോപ്പികൾ സമ്മാനിച്ചു.
പ്രൊഫ. അബ്ദുൽ ഗഫാറിന്റെ ആത്മകഥ 'ഞാൻ സാക്ഷി' പ്രകാശനം ചെയ്തു; കാസർകോട് നടന്ന ചടങ്ങിന് സാക്ഷിയായി ധോണിയും ടൊവീനോയും

കാസർകോട്: സാങ്കേതിക, വിദ്യാഭ്യാസ വിദഗ്ദൻ പ്രൊഫസർ കെ.കെ.അബ്ദുൽ ഗഫാറിന്റെ ആത്മകഥ 'ഞാൻ സാക്ഷി' പ്രകാശനം ചെയ്തു. കാസർകോട് ബേക്കൽ താജിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി, ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ലയ്ക്ക് ആദ്യ കോപ്പി കൈമാറി. ചടങ്ങിൽ പങ്കെടുത്ത ചലചിത്രതാരം ടൊവിനോ തോമസ് അടക്കമുള്ള മറ്റ് പ്രമുഖർക്കും എം എസ് ധോണി തന്നെ 'ഞാൻ സാക്ഷിയുടെ' കോപ്പികൾ സമ്മാനിച്ചു. 

ധോണിയുടെ ആത്മസുഹൃത്തായ ഡോ. ഷാജിർ ഗഫാറിന്റെ പിതാവാണ് പ്രൊഫ. അബ്ദുൽ ഗഫാർ. അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനത്തിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സ്വദേശമായ റാഞ്ചിയിൽ നിന്നാണ് കാസർകോട് എത്തിച്ചേർന്നത്. റാഞ്ചിയിൽ നിന്ന് മുംബൈ വഴി മംഗലാപുരത്തെത്തിയ ധോണി അവിടെ നിന്ന് റോഡ് മാർഗമാണ് കാസർകോട് എത്തിയത്. ആത്മകഥ പ്രകാശനത്തിനായി മാത്രം കേരളത്തിൽ എത്തിയ ധോണി ഇന്ന് ഞായറാഴ്ച മടങ്ങും. അധ്യാപനം ഒരു കലയാണെന്നും അധ്യാപകരെ ഏറെ ബഹുമാനിക്കുന്നുവെന്നും ധോണി പ്രകാശന വേളയിൽ പറഞ്ഞു.

പ്രൊഫ. അബ്ദുൽ ഗഫാറിന്റെ ആത്മകഥ അദ്ദേഹത്തിന്റെ ജീവിതവും, വിജ്ഞാനവും, ആത്മസമർപ്പണവും വിവരിക്കുന്നതാണെന്ന് പ്രകാശന ചടങ്ങിന് ആശംസ നേർന്നുള്ള  വീഡിയോ സന്ദേശത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ശക്തി എന്തെന്ന തിരിച്ചറിവ് നൽകുന്നതാണ്  ആത്മകഥയെന്നും പ്രൊഫ. അബ്ദുൽ ഗഫാറിന്റെ ജീവിതം ഏവർക്കും പ്രചോദനമാകണമെന്നും  ഗവർണർ കൂട്ടിചേർത്തു. 

മാനവീയതയ്ക്ക് വേണ്ടി മാറ്റിവച്ച ജീവിതമായിരുന്നു പ്രൊഫ. അബ്ദുൽ ഗഫാറിന്റേതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. ആത്മകഥ പ്രകാശനത്തിന് മുമ്പ് പ്രൊഫ. അബ്ദുൽ ഗഫാറിന്റെ വിദ്യാർഥികൾ അദ്ദേഹവുമായുള്ള  ഓർമ്മകൾ പങ്കുവച്ചു. പുസ്തകത്തിന്റെ ഉള്ളടക്കം മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ. ഷാഫി വിവരിച്ചു. ഔദ്യോഗിക ജീവിതത്തിനിടെയുണ്ടായ അവിസ്മരണീയ അനുഭവങ്ങളാണ് പ്രൊഫ. ഗഫാർ ആത്മകഥയിൽ വിവരിക്കുന്നത്. ഇതിൽ പ്രിയ ശിഷ്യൻ രാജന്റെ തിരോധാനവും തുടർന്നുണ്ടായ  സർക്കാർ, പോലീസ് ഇടപെടലുകളും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനും കപിൽ സിബലിന്റെ മകനുമായ അഖിൽ സിബൽ, മുൻ കേന്ദ്രമന്ത്രി സലീം ഇക്ബാൽ ഷെർവാണി, ഉദുമ എംഎൽഎ സി.എച്ച്.കുഞ്ഞമ്പു, കാസർകോട് എംഎൽഎ എൻ.എ. നെല്ലിക്കുന്ന്,  മംഗലാപുരം സിറ്റി സൗത്ത് എംഎൽഎ വേദവ്യാസ് കാമത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News