കെഎസ്ആർടിസിയിൽ ബസ് വാഷിം​ഗ് യൂണിറ്റ് വാങ്ങുന്നത് നവീകരണ ഫണ്ടിൽ നിന്നും

30 കോടി രൂപ വർക് ഷോപ്പ് നവീകരണത്തിനും, 20 കോടി രൂപ കമ്പ്യൂട്ടറൈസേഷനും വേണ്ടി സർക്കാർ അനുവദിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 8, 2022, 04:46 PM IST
  • സംസ്ഥാനത്ത് ഉടനീളം 100 സ്ഥലത്തായി പ്രവർത്തിക്കുന്ന വർക് ഷോപ്പുകൾ 22 സ്ഥലങ്ങളിലായി 3 ഷിഫ്റ്റും പ്രവർത്തിക്കുന്ന ആധുനിക വർക് ഷോപ്പുകളായി മാറും
  • തിരുവനന്തപുരത്ത് ടാറ്റായുമായി സഹകരിച്ച് എഞ്ചിൻ റീകണ്ടീക്ഷനിം​ഗ് പ്ലാന്റും സ്ഥാപിക്കും.
കെഎസ്ആർടിസിയിൽ ബസ് വാഷിം​ഗ് യൂണിറ്റ് വാങ്ങുന്നത് നവീകരണ ഫണ്ടിൽ നിന്നും

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വർക് ഷോപ്പ് നവീകരണത്തിന്റെ ഭാ​ഗമായി സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് ആധുനിക രീതിയുള്ള ബസ് വാഷിം​ഗ് യൂണിറ്റ് വാങ്ങുന്നത്. 
ഇത് ശമ്പളത്തിനുള്ള തുകയോ, കളക്ഷൻ തുകയോ തുകയോ ഉപയോ​ഗിച്ചല്ല വാങ്ങുന്നത്. വർക്ക്ഷോപ്പ് നവീകരണത്തിന് വേണ്ടിയുള്ള തുക ശമ്പളത്തിന് വേണ്ടി വകമാറ്റി ചിലവഴിച്ചതിനെ തുടർന്ന് നേരത്തെ സർക്കാർ ഈ തുക അനുവദിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കെഎസ്ആർടിസിയിൽ വർക് ഷോപ്പ് നവീകരണത്തിന് വേണ്ടി 30 കോടി രൂപ വീതം ഓരോ വർഷവും  സർക്കാർ അനുവദിച്ചു വരുന്നു. ഈ തുക ഉപയോ​ഗിച്ചാണ് വർക് ഷോപ്പ് നവീകരണവും, അതിന്റെ ഭാ​ഗമായി  ബസ് വാഷിംഗ്‌ മെഷീൻ ഉൾപ്പടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി തുക ചിലവാക്കുന്നത്. ഇത് കൂടാതെ ഈ വർഷവും 30 കോടി രൂപ വർക്ക്ഷോപ്പ് നവീകരണത്തിനും, 20 കോടി രൂപ കമ്പ്യൂട്ടറൈസേഷനും വേണ്ടി സർക്കാർ അനുവദിച്ചിട്ടുണ്ട്.  സർക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടാണ് വർക്ക്‌ ഷോപ്പ് നവീകരണം,കമ്പ്യൂട്ടറൈസേഷൻ തുടങ്ങിയ ആധുനിക പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്. ഈ തുക വകമാറ്റി ചിലവഴിക്കാനുമാകില്ല.  4300 ഓളം വിവിധ തലത്തിലുള്ള  ബസുകളാണ്  വൃത്തിയാക്കേണ്ടത്. പ്രത്യേകിച്ചു ദീർഘ ദൂര ബസുകൾക്ക് വളരെയേറെ വൃത്തിയും വെടിപ്പും ഉണ്ടാക്കേണ്ടതാണ്. 

നിലവിൽ  425 ബസ് വാർഷർമാർ 25 രൂപ നിരക്കിലാണ് ബസുകളുടെ പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്.  ഇത് കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ് അധുനിക സൗകര്യങ്ങൾ നവീകരണ പദ്ധതിയുടെ ഭാ​ഗമായി നടപ്പിലാക്കുന്നത്. വൃത്തിയുള്ള ബസുകൾ ആണ് യാത്രക്കാരെ ആകർഷിക്കാനുള്ള  ഏറ്റവും പ്രധാന കാര്യം. കെഎസ്ആർടിസിയെ പറ്റിയുള്ള പരാതികളും ബസുകൾ വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നുള്ളതുമാണ് . ഇതിനെ തുടർന്ന്  ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ തെറ്റിദ്ധാരണ ജനകമായുള്ള വാർത്തകൾ വിശ്വാസതയുള്ള പത്ര മാധ്യമങ്ങൾ നൽകരുതെന്നും, ഏതെങ്കിലും കോണിൽ നിന്നും  വിമർശനങ്ങൾ ഉയരുമ്പോൾ അത് മാനേജുമെന്റുമായി പരിശോധിച്ച് മാത്രം  നൽകണമെന്ന്  അഭ്യർത്ഥിക്കുന്നു.  ശമ്പളത്തിൽ നിന്നുമാണ് ഇത്തരത്തിൽ തുക ചിലവാക്കുന്നുവെന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വരുന്നത് കാരണം ശമ്പളം ലഭിക്കാൻ വൈകുമ്പോഴും ആത്മാർത്ഥതയോടെ  ജോലി ചെയ്യുന്ന ജീവനക്കാരുടെ മാനസുമടിപ്പിക്കാനും. കെഎസ്ആർടിസിയുടെ നാശത്തിലേക്ക് തള്ളിക്കളയാനും മാത്രമേ ഉപകരിക്കുകയൂള്ളൂ.

RENOVATION

വർക് ഷോപ്പ് നവീകരണം ഉടൻ പൂർത്തിയാകും

നവീകരണത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ വർക്ക്ഷോപ്പ്, മാവേലിക്കര, എടപ്പാൾ, കോഴിക്കോട് , ആലുവ എന്നീ സ്ഥലങ്ങളിലെ റീജണൽ വർക്ക് ഷോപ്പുകളും ജില്ലാ വർക് ഷോപ്പുകളും  നവീകരിക്കുകയാണ്.  കൈകൊണ്ടുള്ള പെയിന്റിം​ഗ് ഒഴിവാക്കി സ്പ്രേ പെയിന്റിം​ഗ്, പെയിന്റും​ഗ് ബൂത്തുകൾ തുടങ്ങി, ആധുനിക രീതിയിൽ ടയർ മാറാനുള്ള യന്ത്രം വരെ  സ്ഥാപിക്കുന്നുണ്ട്.  ഇതെല്ലാം വാങ്ങി നവീകരണം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്ത് ഉടനീളം 100 സ്ഥലത്തായി പ്രവർത്തിക്കുന്ന വർക് ഷോപ്പുകൾ 22 സ്ഥലങ്ങളിലായി 3 ഷിഫ്റ്റും പ്രവർത്തിക്കുന്ന ആധുനിക വർക് ഷോപ്പുകളായി മാറുകയും ചെയ്യും. 
ഇത് കൂടാതെ ആധുനീകരണത്തിന്റെ ഭാ​ഗമായി  ലൈലാന്റിന്റെ സാങ്കേതിക സഹാത്തോട് കൂടി ലൈലെന്റ് എഞ്ചിൻ റീ കണ്ടീഷൻ ചെയ്യുന്ന പ്ലാന്റ് എടപ്പാളിൽ സ്ഥാപിക്കുകയാണ്.  ഇതിന്റെ ഭാ​ഗമായി   വിദ​ഗ്ധരായ എ‍ഞ്ചിനീയർ‌മാരെയും, മെക്കാനിക്കുകളേയും ലൈലെന്റിൽ പരിശീലനത്തിനായി അയച്ച് കഴിഞ്ഞു. ഇത് പോലെ തന്നെ കെഎസ്ആർടിസി ഉപയോ​ഗിക്കുന്ന എല്ലാ വാഹനങ്ങളുടേയും ബോഷ് ഡീസൽ പമ്പിന്   വേണ്ടിയുള്ള പ്രത്യേക കാലിബ്രേഷൻ യൂണിറ്റ് തിരുവനന്തപുരത്ത് ഉടൻ ആരംഭിക്കും.തിരുവനന്തപുരത്ത് ടാറ്റായുമായി സഹകരിച്ച് എഞ്ചിൻ റീകണ്ടീക്ഷനിം​ഗ്  പ്ലാന്റും  സ്ഥാപിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

 

Trending News