കോട്ടയം: ഒടുവിൽ സസ്പെൻസുകൾക്ക് വിരാമമിട്ട് ജെയ്ക് സി തോമസ് തന്നെ പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകും. ശനിയാഴ്ചയായിരിക്കും ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം എത്തുന്നത്. മൂന്നാമത്തെ തവണയാണ് ജെയ്ക് പുതുപ്പള്ളിയിൽ അങ്കം കുറിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിൻറെ പേര് അംഗീകരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറേയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പേരും ജെയ്ക്കിൻറെ ആയിരുന്നു. നേരത്തെ മറ്റ് രണ്ട് പേരെയും സിപിഎം പരിഗണിച്ചിരുന്നതായി സൂചനയുണ്ട്.
എസ്എഫ്ഐയിൽ നിന്ന്...
2016 ഫെബ്രുവരിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയ്ക്ക് വിദ്യാർഥി സമരങ്ങളുടെ സ്ഥിരം സാന്നിധ്യമായിരുന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം നിയമസഭാ സ്ഥാനാർത്ഥിയാവുന്നതിനും ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയം സി.എം.എസ് കോളേജിൽ പഠിച്ച ജെയ്ക് സി. തോമസ് ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റർനാഷണൽ റിലേഷൻസിൽ എം.എ പൂർത്തിയാക്കി. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.2016-ലാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആദ്യമായി മത്സരിക്കുന്നത്. 2021-ൽ വീണ്ടും മത്സരിച്ചു രണ്ട് തവണയും പരാജയപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിലെ ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കാൻ ജെയ്കിൻറെ സ്ഥാനാർഥിത്വത്തിന് കഴിഞ്ഞു.
ആദ്യമായി പുതുപ്പള്ളിയിൽ സ്ഥാനാർഥിയായപ്പോൾ പുതുപ്പള്ളിക്കൊരു പുസ്തകം എന്ന പേരിൽ നടപ്പാക്കിയ ജെയ്ക്കിൻറെ പരിപാടി വളരെ അധികം ശ്രദ്ധ പിടിച്ച് പറ്റി.സിപിഎമ്മിൻറെ യുവ മുഖങ്ങളിലൊന്നും, പാർട്ടിയുടെ പ്രതിരോധ നിരയിലെ മിടുക്കൻമാരിലൊരാളും എന്ന് വേണമെങ്കിൽ ജെയ്ക്കിനെ വിശേഷിപ്പിക്കാം. അത് കൊണ്ട് പുതുപ്പള്ളിയിൽ മത്സരം അൽപ്പം കടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...