വെള്ളപ്പൊക്ക കെടുതി: വിശദ പദ്ധതിയുമായി കേരള സര്‍ക്കാര്‍

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്ക കെടുതിയാണ് ഈ വര്‍ഷം കേരളത്തിലുണ്ടായത്.

Last Updated : Aug 8, 2018, 05:26 PM IST
 വെള്ളപ്പൊക്ക കെടുതി: വിശദ പദ്ധതിയുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ വെള്ളപ്പൊക്ക കെടുതിക്ക് സാധ്യമായ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈക്കാര്യം അറിയിച്ചത്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്ക കെടുതിയാണ് ഈ വര്‍ഷം കേരളത്തിലുണ്ടായതെന്നും കുട്ടനാട് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടവും ദുരിതവുമുണ്ടായതെന്നുമാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. 

കുട്ടനാട് മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിന് ഹ്രസ്വകാല നടപടികള്‍ സ്വീകരിക്കുകയും ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. 

കുട്ടനാട് മേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിവരണാതീതമായതിനാല്‍ സമഗ്രമായ കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം നടപ്പാക്കേണ്ടതുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്തുന്നതിനും ഒരു 'സമഗ്ര ഫ്‌ളഡ് ഫോര്‍കാസ്റ്റിങ് സിസ്റ്റം' രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്.   

ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്ന വിധത്തില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും.

സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനം കെട്ടിടങ്ങളിലുണ്ടാവും. കെട്ടിടനിര്‍മ്മാണത്തിനുപയോഗിക്കാവുന്ന ഇടങ്ങളില്‍ നിലവിലുള്ള നിയമത്തില്‍ നിന്നുകൊണ്ട് പ്രത്യേക കെട്ടിട നിര്‍മ്മാണ സാധ്യത പരിശോധിക്കും. അല്ലാത്ത പക്ഷം ആവശ്യമെങ്കില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ എന്നും പരിശോധിക്കും.  

നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ക്കുപകരം കൂടുതല്‍ പ്രവൃത്തിദിവസങ്ങള്‍ നല്‍കി കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുവാന്‍ പ്രത്യേക പദ്ധതി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തയ്യാറാക്കും. മടവീഴ്ച മൂലമുള്ള ദുരിതം പരിഹരിക്കുന്നതിനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. 

അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന പാലങ്ങല്‍ ശാസ്ത്രീയ പരിശോധനയിലൂടെ വലിയ വള്ളം/ബോട്ട് കടന്നുപോകാവുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കേണ്ടിവരും. 

കന്നുകാലികളുടെ സംരക്ഷണത്തിനുതകുംവിധം ഉയര്‍ന്ന സ്ഥലങ്ങളില്‍ പ്രളയകാലത്ത് രണ്ട് മീറ്റര്‍ സ്റ്റില്‍ട്ടിന് മുകളില്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയും അവിടെ മൃഗസംരക്ഷണ വകുപ്പിന്‍റെ സേവനം ഉറപ്പുവരുത്തുകയും വേണം.

വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് (ആധാര്‍, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് മുതലായവ) അവ ലഭിക്കുന്നതിന് സത്വര നടപടി എടുക്കും. ഇതിനായി താലൂക്ക്/പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഇതിന്‍റെ ഭാഗമായി ആഗസ്റ്റ് 16 മുതല്‍ 31 വരെ ബന്ധപ്പെട്ട വകുപ്പുകളോട് ക്യാമ്പുകള്‍ നടത്താന്‍ നിര്‍ദേശിക്കും. ജില്ലാകളക്ടര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. വൈദ്യുതി ചാര്‍ജും വെള്ളക്കരവും അടയ്ക്കുന്നതിന് 2019 ജനുവരി വരെ സാവകാശം നല്‍കാന്‍ തീരുമാനിച്ചു.

പ്രളയബാധിത പ്രദേശമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മോറട്ടോറിയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കും. ഒപ്പം സഹകരണ ബാങ്കുകളോടും സമാന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കും.

പൊതുമേഖല-സഹകരണ ബാങ്കുകള്‍ മുഖേന വെള്ളപ്പൊക്കബാധിതരായവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പുതിയ വായ്പ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രദേശത്തെ ചെറുകിട വ്യാപാരികള്‍ക്കുവേണ്ടി കെ.എഫ്.സി മുഖേന പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതകള്‍ വളരെ വലുതാണ്. ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാനാവശ്യമായ എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളേണ്ടതുണ്ട്.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കണം. മാലിന്യം നീക്കം ചെയ്യുന്നതിന് ശുചിത്വമിഷന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കും. മണ്ണും ചെളിയും നീക്കം ചെയ്യണം. ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതപ്പെടുത്തും.

നടപടികളുടെ നടത്തിപ്പിന്‍റെ ഉത്തരവാദിത്വം അതാത് വകുപ്പുകളിലും അതോറിറ്റികളിലുമുള്ളവര്‍ക്ക് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു സ്പെഷ്യല്‍ ഓഫീസറെ എല്ലാ വകുപ്പുകളും പ്രത്യേകമായി നിയോഗിക്കും.

നിലവിലുള്ള മാര്‍ഗരേഖ പ്രകാരം ദുരന്ത നിവാരണ നിധിയില്‍ നിന്ന് അനുവദിക്കുന്ന നഷ്ടപരിഹാരം പല ഇനങ്ങളിലും അപര്യാപ്തമാണ്. അത് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമായ തുക ലഭ്യമാക്കി ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Trending News