തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷസമരം ഇന്ന് തുടങ്ങും. സെക്രട്ടറിയേറ്റ് പടിക്കല്‍ ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നതോടെ സമരം ശക്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
ഇന്ന് രാവിലെ പത്തരയോടെ സത്യാഗ്രഹം തുടങ്ങും. പാര്‍ട്ടി കേന്ദ്രസംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ശബരിമല പ്രശ്നങ്ങൾ പഠിക്കാൻ ദേശീയാധ്യക്ഷൻ അമിത്ഷാ നിയോഗിച്ച എം.പി.മാരുടെ സംഘവും തിരുവനന്തപുരത്ത് എത്തും.
ശബരിമല പ്രതിഷേധവേദി സെക്രട്ടേറിയറ്റുപടിക്കലേക്കു മാറ്റിയതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതോടെയാണ് വീണ്ടും പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
കെ.സുരേന്ദ്രനെ ജാമ്യത്തിലിറക്കാനും കേസ് നടത്താനും മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ഞായറാഴ്ച ബി.ജെ.പി. നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചപ്പോള്‍ പരാതിപ്പെട്ടിരുന്നു. സുരേന്ദ്രന്റെ അറസ്റ്റിൽ സർക്കാരിനും പോലീസിനും സൂക്ഷ്മതക്കുറവുണ്ടായതായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിച്ചതും ബി.ജെ.പിക്ക് ആശ്വാസമാണ്.
ശബരിമല പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയാധ്യക്ഷന്‍ അമിത്ഷാ നിയോഗിച്ച എം.പി.മാരുടെ സംഘവും തിരുവനന്തപുരത്ത് എത്തും. എം.പി.മാരുടെ സംഘം നല്‍കുന്ന പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും കേന്ദ്രം നിലപാട് വ്യക്തമാക്കുക. തീരുമാനം വരുന്നതുവരെ സമരം എങ്ങനെ കൊണ്ടുപോകണമെന്നതിൽ പ്രത്യേക നിർദേശമില്ല.