കൊച്ചി: പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു. വിഷയം ഇന്ന് കോടതി പരിഗണിക്കും.
നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ബസിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 72 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. 64 മുതിർന്നവരും എട്ട് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകരായിരുന്നു അപകടത്തിൽപെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബരിമലയിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ബസ് അമിത വേഗതയിലായിരുന്നതാണ് അപകട കാരണമെന്നാണ് സംശയം. അമിത വേഗതയിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തൽ. പ്രാഥമിക പരിശോധനയിൽ ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം അപകടത്തിൽ പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ 10 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും 18 പേരെ നിലയ്ക്കലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...