കൊച്ചി: ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികളില്‍ ഒരാളുടെ വീടിന് നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം വീടിന് നേരെ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. വീടിന്‍റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. അപര്‍ണയ്‌ക്കെതിരെ നേരത്തെയും ഭീഷണി ഉയര്‍ന്നിരുന്നു.
മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സുരക്ഷിതമാണ്. 3 വലിയ കരിങ്കല്‍ കഷ്ണങ്ങള്‍ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അപര്‍ണ ശിവകാമി വ്യക്തമാക്കി.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:
വീടിന് നേരെ ആക്രമണം നടന്ന വിവരം അപര്‍ണ ശിവകാമി തന്നെയാണ് അറിയിച്ചത്. രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കണ്ണൂര്‍ സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്ന് യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയിരുന്നു. എന്നാല്‍ യുവതികളെ കൊച്ചിയില്‍ നാമ ജപക്കാര്‍ ഉപരോധിച്ചിരുന്നുവെങ്കിലും പൊലീസ് സംരക്ഷണയില്‍ ഇവരെ പ്രസ് ക്ലബിന് പുറത്തെത്തിച്ചു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണോ ഈ ആക്രമണം എന്ന് പൊലീസിന് സംശയമുണ്ട്.