ശബരിമല സ്ത്രീപ്രവേശനം: സർക്കാരിന് നിരുപാധിക പിന്തുണയെന്ന് വെള്ളാപ്പള്ളി നടേശന്‍

ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Last Updated : Oct 9, 2018, 01:10 PM IST
ശബരിമല സ്ത്രീപ്രവേശനം: സർക്കാരിന് നിരുപാധിക പിന്തുണയെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് എസ്എന്‍ഡിപി യോഗത്തിന്‍റെ പിന്തുണയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ശബരിമല വിധിയെ അംഗീകരിക്കാൻ നമ്മള്‍ ബാധ്യസ്ഥരാണെന്നും വിധിയെ പ്രവൃത്തികൊണ്ട് മറികടക്കണമെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചോൾ തന്ത്രി കുടുംബം മാറി നിന്നത് മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബിജെപിയും കോൺഗ്രസും വാക്കുമാറ്റി പറയുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങളോടൊപ്പം പത്താളെ കൂട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. അത് മനസിലാക്കാനുള്ള വിവേകം ഹിന്ദുത്വം പറഞ്ഞുനടക്കുന്നവർക്ക് ഇല്ല. കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊണ്ട് തെരുവിലിറങ്ങുന്നതിന് മുമ്പ് ഹിന്ദു സംഘടനാ നേതാക്കളെ വിളിച്ചു കൂട്ടേണ്ടതായിരുന്നു. ഇതിന് പിന്നിലൊരു അജണ്ടയുണ്ട്. തമ്പ്രാക്കൻമാർ തീരുമാനിച്ചു, അടിയാൻമാർ പുറകെ ചെന്നോളണം എന്ന സമീപനം അംഗീകരിക്കാനാകില്ല. അത് മാന്യതയില്ലാത്ത നടപടിയായിപ്പോയി. ഇതിനെല്ലാം എണ്ണയൊഴിച്ചുകൊടുത്തത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രസി‍ഡന്‍റ് പത്മകുമാറാണ്. നിലപാടും നിലവാരവും ഇല്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്‍റാണ് പത്മകുമാർ, അദ്ദേഹം പറഞ്ഞു. 

ശബരിമലയിലെ ആചാരങ്ങളിൽ ഇതിനുമുമ്പും മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് ജീവനക്കാരിൽ 96 ശതമാനവും സവർണ സമുദായക്കാരാണ്. പിന്നോക്കക്കാരും പട്ടികജാതിക്കാരുമായി വെറും നാല് ശതമാനം പേരാണ്. ശബരിമലയിലെ പരമ്പരാഗത ആചാരമായ വെടിവഴിപാട് മുഹമ്മ ചീരപ്പൻ ചിറയിലെ സുശീല ഗോപാലന്‍റെ വീട്ടുകാരിൽ നിന്ന് സവർണ്ണസമുദായക്കാർ പിടിച്ചെടുത്തു. മകരജ്യോതി തെളിയിക്കുന്നതിനുള്ള പരമ്പരാഗത അവകാശം ആദിവാസികളിൽ നിന്ന് പിടിച്ചെടുത്തു. ഇതിനെതിരെ ആരും പ്രക്ഷോഭത്തിന് പോയില്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കാതായത് 1991 മുതൽ മാത്രമാണ്. സ്ത്രീകൾ ശബരിമലയിൽ കയറി വഴിപാട് നടത്തുന്നതിന്‍റേയും കുഞ്ഞുങ്ങളുടെ ചോറൂണ് ചടങ്ങ് നടത്തുന്നതിന്‍റേയും ചിത്രങ്ങളുണ്ട്. സ്ത്രീപ്രവേശനം നിയമം മൂലം തടഞ്ഞപ്പോൾ അത് ഇല്ലാതെയായി. ഇപ്പോൾ പുതിയൊരു നിയമം വന്നു. അതിന് ഞങ്ങളാരും എതിരല്ല. ഇതിന്‍റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. പിണറായി സർക്കാർ വന്നതിന് വന്നതിന് ശേഷം മാത്രമാണ് എല്ലാ ആനുകൂല്യങ്ങളും സമുദായത്തിന് കിട്ടിയത് എന്ന് പറഞ്ഞ നേതാക്കൻമാർ തന്നെയാണ് ഇപ്പോൾ നശിപ്പിക്കാൻ നടക്കുന്നത്. സർക്കാരിനെതിരായ സമരമുഖത്തേക്ക് വരാൻ എന്തായാലും എസ്എൻഡിപി ഇല്ല എന്നും അദ്ദേഹം പറഞ്ഞു. 

 

Trending News