തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ഗൂഢാലോചനയില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടതെന്ന് വി എം സുധീരന്‍.
സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നിരാഹര സമരത്തില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടേത് ഫാസിസ്റ്റ് ശൈലിയാണ്. പ്രതികളെ പിടിച്ചു എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുധീരന്‍ വ്യക്തമാക്കി.
സിപിഎമ്മിന്‍റെ തിരക്കഥ അനുസരിച്ചാണ് അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ ചോദ്യം ചെയ്യാത്തത് സംശയത്തിന് ഇടയാക്കുന്നുവെന്നും സുധീരന്‍ ആരോപിച്ചു. ഡി.ജി.പി രാജേഷ് ദിവാന്‍ നടത്തിയ വാര്‍ത്താസമ്മേളനം മുഖ്യമന്ത്രിയെ വെള്ളപൂശാനാണെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം, ഷുഹൈബ് വധത്തില്‍ പ്രതികളെ പിടികൂടാനാവാത്തത് പൊലീസിന്‍റെ വീഴ്ചയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകമെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് അവസരം ഒരുക്കിക്കൊടുത്തുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തിയിരുന്നു.