തിരുവനന്തപുരം: കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി (Chief minister) പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി മുരളീധരൻ (V muraleedharan) മുഖ്യമന്ത്രിയെയും കെ സുധാകരനെയും രൂക്ഷമായി വിമർശിച്ചത്. കെ സുധാകരന്റെ വാർത്താസമ്മേളനത്തിനിടെ പിണറായി വിജയൻ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും തടുത്തപ്പോൾ കൈയിലാണ് വെട്ട് കൊണ്ടതെന്നും കണ്ടോത്ത് ഗോപി വെളിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ സുധാകരൻ മുൻകൈയെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തങ്ങൾ ഗുണ്ടകളാണെന്ന് കേരള സമൂഹത്തോട് ഏറ്റുപറഞ്ഞെന്നും വി മുരളീധരൻ വിമർശിച്ചു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം....
കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണം. വെളിപ്പെടുത്തലിൽ ആത്മാർഥതയുണ്ടെങ്കിൽ വലിയമ്പലം ബസാർ സംഭവത്തിൽ എഫ് ഐ ആർ ഇടണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പോലീസിനോട് ആവശ്യപ്പെടണം. കെ.സുധാകരൻ തന്നെ ഗോപിയോട് അത് ആവശ്യപ്പെടണം. വധശ്രമത്തിൽ ( IPC 307) എഫ്ഐആർ ഇടാൻ സമയപരിധി ബാധകമല്ല. അതല്ല, വാർത്താസമ്മേളനത്തിൽ മസാല ചേർക്കാനാണോ ഗോപിയെ ഇറക്കിയതെന്ന് സുധാകരൻ പറയട്ടെ. ഏതായാലും ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലൂടെ കേരളത്തിന്‍റെ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡൻറും തങ്ങള്‍ ഇരുവരും അടിസ്ഥാനപരമായി ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു. വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് കരുതുന്ന ഒരു സംസ്ഥാനത്തിന്‍റെ ഐഡന്‍റിറ്റിയാണ് പിണറായി വിജയനും കെ.സുധാകരനും തമ്മിലുള്ള പോര്‍വിളികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ കൊലവിളി രാഷ്ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അര്‍ഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ. അക്രമത്തിന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷമാണോ വേണ്ടതെന്നും. ഇപ്പോഴത്തെ ഈ പോര്‍വിളിക്ക് പിന്നിലുള്ള തന്ത്രം വ്യക്തമാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാം. മുട്ടില്‍ മരംകൊള്ള, കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മോശം സ്ഥിതിയിലാണ് കേരളം, സംസ്ഥാനം സാമ്പത്തികമായി തീരെ മോശം സ്ഥിതിയിലാണ്, ആളുകള്‍ക്ക് കയ്യില്‍ പണമില്ല, ഇത്തരം വിഷയങ്ങളില്‍ നിന്ന് മാധ്യമശ്രദ്ധതിരിക്കാനുള്ള മികച്ച അടവാണ് ഈ ഒത്തുകളി സംഘത്തിന്‍റേത്. മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയമാണ് തലശേരി ബ്രണ്ണൻ കോളേജ്. ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗുണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂർവവിദ്യാർഥിയെന്ന നിലയിൽ എനിക്ക് പിണറായി വിജയനോടും കെ.സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...