Lok Sabha Election 2024: 2024 ലക്ഷ്യമിട്ട് BJP. ഭാരതീയ ജനതാ പാര്‍ട്ടിയുടെ വന്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനും മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കേരളത്തിലെത്തും.
ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തൃശ്ശൂരിൽ നടക്കുന്ന റാലിയെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന റാലിയിൽ പാർട്ടിയുടെ മുഖ്യ തന്ത്രജ്ഞനെന്ന് കരുതപ്പെടുന്ന അമിത് ഷാ പ്രസംഗിക്കുന്നതോടെ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ BJP ഔദ്യോഗികമായി ആരംഭിക്കും. റാലിയിൽ ഏകദേശം 50,000 പേർ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.
റാലിയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ബിജെപിയുടെ കേരളാ ഇൻചാർജ് പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ രാജ്യസഭാ എംപി സുരേഷ് ഗോപി, മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കും. വൈകിട്ട് 4ന് പൊതുസമ്മേളനം ആരംഭിക്കുമെന്നും റാലിയിൽ 50,000-ത്തോളം പേർ പങ്കെടുക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാന പദ്ധതികളുടെ ഭാഗമായി അടുത്ത രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ട് വലിയ പൊതു പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മഹത്തായ പദ്ധതിക്ക് ചുക്കാൻ പിടിയ്ക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എന്ന് സൂചന.
2024ൽ 5 ലോക്‌സഭാ സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ കേരളത്തിനായി ബിജെപി ഒരു വലിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം വോട്ടുകൾ നേടിയിട്ടും പാർട്ടിക്ക് നഷ്ടപ്പെട്ട 160 ലോക്‌സഭാ മണ്ഡലങ്ങൾക്കായി പാർട്ടി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവയും ഈ മുൻഗണനാ മണ്ഡലങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉച്ചതിരിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ അവിടെ നിന്ന് ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് പോകും. ഉച്ചയ്ക്ക് 2 മണിയ്ക്ക് ശേഷം അദ്ദേഹം ശോഭാ സിറ്റി ഹെലിപാഡിൽ ഇറങ്ങുമെന്നാണ് സൂചന. തുടന്ന് ശക്തൻ തമ്പുരം സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്ന അദ്ദേഹം വൈകിട്ട് മൂന്നിന് ജോയ് പാലസിൽ തൃശൂർ മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കും. 5 മണിക്കാണ് 50,000 pപേര്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലി നടക്കുക...
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതാണ് തൃശൂർ റാലി. മാർച്ച് അഞ്ചിന് തിരുവനന്തപുരത്താണ് റാലി ആദ്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...