സംസ്ഥാനത്തെ സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷ്യവിഷബാധയുണ്ടായതിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. മന്ത്രിമാർ പോയി കുട്ടികളുടെ കൂടെ ഭക്ഷണം കഴിച്ചാൽ പ്രശ്നം തീരുമോയെന്ന് സതീശൻ ചോദിച്ചു. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അധ്യയന വർഷം തുടങ്ങുന്നതിനു മുന്നോടിയായി വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷം വിമർശിച്ചു.
സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ എന്ത് ഉത്തരവാദിത്വമാണ് സർക്കാരിനുള്ളതെന്ന് സതീശൻ വിമർശിച്ചു. എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് ആദ്യം അവർ തന്നെ വ്യക്തമാക്കട്ടെ. ഭരിക്കേണ്ട സമയത്ത് മന്ത്രിമാർ ഭരിക്കണം. അല്ലാതെ, ഒരു ഉപതെരഞ്ഞെടുപ്പിനായി എല്ലാ മന്ത്രിമാരും കൂടി ഞങ്ങളെ പേടിപ്പിക്കാൻ തൃക്കാക്കരയിലേക്ക് വരികയല്ലേ ചെയ്തതെന്നും സതീശൻ ചോദിച്ചു. പല സർക്കാർ ഉദ്യോഗസ്ഥർ പോലും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സിഐടിയുവും സമരം നടത്തുകയാണെന്നായിരുന്നു സതീശൻ പ്രതികരിച്ചത്. ഇടതു സർക്കാർ കെഎസ്ആർടിസിയെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടുകയാണ്.ഇതിന് ഷട്ടറിടാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തൃക്കാക്കരയിലേത് ടീം വർക്കാണെന്നും ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. തന്നെ ക്യാപ്ടനാക്കി മാധ്യമങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തുന്ന ചർച്ച അവസാനിപ്പിക്കണം. തന്നെ കേന്ദ്രീകരിച്ചുള്ള ദയവായി നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിനുള്ളത് കൂട്ടുത്തരവാദിത്തമാണുള്ളത്. ചിന്തൻ ശിബിരം നടത്തിയതിലൂടെ സംഘടനാപരമായി കോൺഗ്രസിനെ പരുവപ്പെടുത്തും. കളക്ടീവ് ലീഡർഷിപ്പിലൂടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും താൻ ഒറ്റക്കല്ല തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ലോക കേരള സഭയുമായി പ്രതിപക്ഷം സഹകരിക്കും.നിബന്ധനകൾക്ക് വിധേയമായിട്ടാകും സഹകരണം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് സർക്കാർ കാണിക്കുന്ന ധൂർത്ത് ഒഴിവാക്കണം.
കഴിഞ്ഞ ലോക കേരള സഭകളിലെ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസം പിന്നുടുമ്പോഴും പ്രതികരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിക്ക് സതീശൻ്റെ വക പരിഹാസവുമുണ്ടായി. ഞങ്ങളൊക്കെ വന്നിരിക്കുന്നത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭിക്കുന്നത്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.