വയനാട്: റേഷൻ കാർഡ് ഇല്ലാത്തതിനാൽ പട്ടിണിയാണെന്ന് പരാതി പറഞ്ഞ ആദിവാസി യുവതിയെ (Tribal woman) ശകാരിച്ച് ഉദ്യോഗസ്ഥർ രംഗത്ത്. സംഭവം നടന്നിരിക്കുന്നത് വയനാട് (Wayanad) ബത്തേരി ചേതലയത്താണ്. പ്രമുഖ മാധ്യമത്തിനോടാണ് ആദിവാസി യുവതി പട്ടിണിയാണെന്ന് പറഞ്ഞത്. എന്തിനാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്ന് ചോദിച്ചാണ് ഉദ്യോഗസ്ഥർ ശകാരിച്ചത്.
കോളനി സന്ദർശിച്ച ഭക്ഷ്യ ഭദ്രതാ കമ്മീഷൻ അംഗം എം വിജയലക്ഷ്മി ബിന്ദുവിന്റെ ഭർത്താവിന്റെ പേരിൽ റേഷൻ കാർഡ് അനുവദിക്കുമെന്ന് അറിയിച്ചു. റേഷൻ കാർഡും ആധാറും ഇല്ലാത്തതിനാൽ കുടുംബത്തിന് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഈ യുവതി പ്രതികരിച്ചത്. ആദിവാസിയായ ബിന്ദുവിന് മൂന്നു മാസം പ്രായമായ കുഞ്ഞുണ്ട്. റേഷൻ കാർഡില്ലാത്തതുകൊണ്ട് ബിന്ദുവും കുടുംബവും ഈ കോവിഡ് കാലത്ത് വളരെയധികം ദുരിതത്തിലാണ്.
Also read: Twitter: അബന്ധത്തിൽ പോലും ഇത്തരം മെസേജ് ട്വീറ്റ് ചെയ്യരുത്, ചെയ്താൽ..!
റേഷൻ കാർഡിന് പുറമെ ആധാർ കാർഡും ഇല്ലാത്തതുകൊണ്ട് മറ്റ് ആനുകൂല്യങ്ങളും ഈ കുടുംബത്തിന് നിഷേധിക്കപ്പെടുകയാണ്. മാത്രമല്ല ഈ കൊറോണ സമയത്തും ട്രൈബൽ പ്രമോട്ടർമാരുൾപ്പെടെയുള്ളവർ ഈ കോളനിയിലേക്ക് വരാറില്ലെന്ന് കോളനിവാസികളും പറഞ്ഞിരുന്നു. ഇതുപോലെ നിരവധി പേരാണ് സര്ക്കാര് കണക്കിൽപ്പെടാതെ ദുരിതത്തിലാകുന്നത്.