ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ഷിജു. ബിഗ് ബോസ് സീസൺ 5 ലൂടെ താരം വീണ്ടും സജീവമായിരിക്കുന്നു. തന്നെ മുഖ പരിചയമുണ്ടെന്നും എന്നാൽ പലർക്കും പേര് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോരുത്തരും തങ്ങളുടെ ജീവിത കഥ തുറന്നു പറഞ്ഞപ്പോൾ ഷിജു തന്റെ സിനിമാ ജീവിതവും അതിലെ ദുരനുഭവങ്ങളും വെളിപ്പെടുത്തി.
ഷിജുവിന്റെ വാക്കുകൾ
1994ൽ സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാബൂളിവാല എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ സംവിധായകർ എന്നെ സമീപിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ സമയമായിരുന്നു അത്. എന്നാൽ നാന വാരികയിലൂടെ താൻ അല്ല ആ സിനിമയിലെ ഹീറോ എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതായിരുന്നു ആദ്യത്തെ തകർച്ച. ആ സമയത്ത് ലോക പര്യടനത്തിലായിരുന്ന സഹോദരനെ ഞാൻ ഈ കാര്യം വിളിച്ചു പറഞ്ഞു.
എല്ലാകാര്യത്തിലും വലിയ പ്രോത്സാഹനം നൽകിയ എന്റെ സഹോദരൻ എന്നോട് ചെന്നൈയിലേക്ക് വണ്ടി കയറാൻ പറഞ്ഞു. അങ്ങനെ എല്ലാ പ്രതീക്ഷകളോടും കൂടി 1993 ഞാൻ ചെന്നൈയിലെത്തി. പല സംവിധായകരെയും കാണാൻ ശ്രമിച്ചു. എന്നാൽ സംവിധായകരുടെ അടുത്ത് എത്തുന്നത് പ്രയാസമേറിയ കാര്യമായിരുന്നു. അങ്ങനയിരിക്കെ ഒരു ദിവസം ദി സിറ്റി എന്ന സിനിമയുടെ ഓഡീഷനു വേണ്ടി എന്നെ വിളിക്കുന്നു.
അവർ പറയുന്ന പോലെ ഞാൻ അഭിനയിച്ചു. എന്റെ ഒപ്പം അഭിയിക്കേണ്ടവർ ആനന്ദ് കുമാർ, കല്യാൺ കുമാർ, സാവിത്രി എന്നിവരാണ്. ഇവർക്കെല്ലാവർക്കും എന്നെക്കാൾ പൊക്കം കുറവാണ്. ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം പൊക്കം കൂടുതൽ ഉള്ളത് ശരിയാവില്ല എന്ന കാരണത്താൽ ആ സിനിമയും നഷ്ടമായി. ഒരു നിമിഷം എല്ലാം അവസാനിച്ചുപോയ പോലെ തോന്നി.
മാനസികമായി തളർന്ന ആ സമയത്ത് അപ്രതീക്ഷിതമായി ഒരു തമിഴ് ചിത്രത്തിലേക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. തമിഴ് വശമില്ലാതിരുന്ന ഞാൻ കാസറ്റിൽ ഡയലോഗിന്റെ മോഡുലേഷൻ കേട്ട് പഠിച്ച് അഭിനയിച്ചു. ആ സിനിമയാണ് മഹാപ്രഭു. മലയാളത്തിന്റെ അനശ്വര കലാകാരൻ രാജൻ പി ദേവിന്റെ മകനായാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. 5000 രൂപയായിരുന്നു അന്നത്തെ പ്രതിഫലം. ശേഷം രാജൻ പി ദേവ് മൂലം സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത മഴവിൽക്കൂടാരത്തിൽ മലയാളത്തിൽ തന്നെ അവസരം ലഭിച്ചു. പിന്നീട് ഇതേ സംവിധായകന്റെ ഇഷ്ടമാണ് നൂറ് വട്ടം എന്ന സിനിമയിൽ ഞാൻ ഹീറോ ആയി.
മഹാപ്രഭുവിലെ അഭിനയം കണ്ട് കോടി രാമകൃഷ്ണ എന്ന തെലുഗ് സംവിധാകൻ അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തെ കാണാൻ ഉടൻ ചെന്നൈയിലെത്താൻ ആവശ്യപ്പെട്ടു. ഫ്ലൈറ്റിൽ പോകുവാൻ പണം ഇല്ലാത്തതു മൂലം ആകെ ഉണ്ടായിരുന്ന മാല വിറ്റ് ആ പൈസയുമായാണ് ചെന്നൈയിലേക്ക് പോയത്. ദേവി എന്ന് പേരിട്ടിരിക്കുന്ന ഒരു ഡിവോഷണൽ ചിത്രമായിരുന്നു അത്. സിനിമയിൽ തന്റെ പ്രതിഫലം 2 ലക്ഷമാണെന്നും അതിൽ കൂടുതൽ ചോദിക്കരുതെന്നും സംവിധായകൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ തല കറങ്ങി. ശേഷം തമിഴിൽ മാത്രം 13 ചിത്രങ്ങളാണ് ഞാൻ കമ്മിറ്റ് ചെയ്തത്.
ഒരുപാട് സന്തോഷം നിറഞ്ഞ ആ സമയത്താണ് തമിഴ് സിനിമാ വ്യവസായത്തിൽ ഫെഫ്‍സി സംഘടനയുടെ സമരം നടക്കുന്നത്. തമിഴ് സിനിമാ വ്യവസായം സ്തംഭിച്ചു. പിന്നീട് തലൈവി ജയലളിതയുടെ നേതൃത്വത്തിൽ പ്രശ്നം പരിഹരിച്ചു. എന്നാൽ ഇനി മുതൽ താരമൂല്യമുള്ള നായകൻമാരെ വെച്ച് സിനിമ ചെയ്താൽ മതിയെന്ന് ഇൻഡസ്ട്രി തീരുമാനിച്ചു. അതോടെ ചെയ്യാനിരുന്ന 12 സിനിമകളും ക്യാൻസലായി. വണ്ടികൂലിക്കു പോലും പണമില്ലാതെ ദാരിദ്രത്തിലേക്കാണ് പിന്നീട് ഞാൻ നീങ്ങിയത്.
1999ൽ ദേവിയുടെ ഷൂട്ടിംഗ് കഴിഞ്ഞു. സിനിമയുടെ പ്രിവ്യു കണ്ട് ഇറങ്ങിയതോടെ എനിക്ക് മനസിലായി ഇനി എനിക്ക് കരിയർ ഇല്ല. എല്ലാം അവസാനിച്ചു എന്ന്. ആ കാലത്ത് ഇത്തരത്തിലൊരു ദൈവിക ചിത്രം ആളുകൾക്ക് ഉൾക്കൊള്ളാൻ പോലും സാധിക്കില്ല. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ദേവി 475 ദിവസം തിയേറ്ററിൽ നിറഞ്ഞു നിന്നു.
നഷ്ടപ്പെട്ടുവെന്ന് കരുടിയ കരിയർ വീണ്ടും പഴയ പൊലിമയിലേക്ക് എത്തുന്ന സമയത്താണ് ഒരു സംഘട്ടനരംഗത്തിൻറെ ഷൂട്ടിനിടെ പരിക്ക് പറ്റുന്നതും ഡിസ്ക് തെറ്റി ഏകദേശം ഒരു വർഷത്തോളം ഞാൻ കിടപ്പിലാവുന്നതും. ഫിസിയോതെറാപ്പിക്ക് ശേഷം സുഖംപ്രാപിച്ച് പിന്നീട് ഞാൻ എത്തുന്നത് സീരിയലിലേക്കാണ്. ഇപ്പോൾ ഞാൻ സ്ക്രീനിൽ എന്തെങ്കിലും കാണിക്കുന്നുണ്ടെങ്കിൽ അത് എൻറെ പാഷൻ കൊണ്ട് മാത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...