ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും. ലൂസിഫറിന്റെ വൻ വിജയം തന്നെയാണ് ഈ പ്രതീക്ഷയ്ക്ക് കാരണവും. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ചിത്രത്തിനായുള്ള ലൊക്കേഷനുള്ള സംവിധായകനും ടീമും ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.
ഇപ്പോഴിതാ എമ്പുരാൻ എന്ന ചിത്രത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വാർത്തയ്ക്ക് വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ പൃഥ്വിരാജ്. എമ്പുരാന്റെ പ്രോമോ ഷൂട്ട് അടുത്ത ആഴ്ചയുണ്ടാകും എന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. ആദ്യത്തെ ഷെഡ്യൂൾ ഒക്ടോബർ ആദ്യ ആഴ്ച തുടങ്ങുമെന്നും ഡൽഹിയിലും ലഡാക്കിലുമായി ഷൂട്ട് നടക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയിലുണ്ടായിരുന്നു.
എന്നാൽ അങ്ങനൊരു പ്രോമോയോ, പ്രോമോ ഷൂട്ടോ ചിത്രത്തിന് ഉണ്ടാകില്ല എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ വാർത്ത എവിടെ നിന്നാണ് വന്നതെന്ന് തങ്ങൾക്ക് അറിയില്ലെന്നും താരം വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണത്തെ സംബന്ധിച്ചുള്ള കാര്യവും മറ്റ് ചില വിവരങ്ങളും ഈ മാസം തന്നെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാൻ പ്ലാനുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ കൂടി സിനിമയുടെ ചിത്രീകരണം നടക്കും.
Also Read: Lovely Movie: ഈച്ചയും മാത്യുവും നേർക്കുനേർ! എന്താണ് സംഭവം? മാത്യൂ തോമസ് ചിത്രം 'ലൗലി' ഫസ്റ്റ് ലുക്ക്
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും സൂചനയുണ്ട്. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...