ചിരിയും ചിന്തയുമുണര്‍ത്തി മിസ് കൊഹിമ 2019 വേദിയില്‍ പതിനെട്ടുകാരിയായ സുന്ദരി!!
ഈ മാസം 5ന് നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയില്‍ നടന്ന സൗന്ദര്യമല്‍സര വേദിയാണ് പശ്ചാത്തലം. മല്‍സരത്തിന്‍റെ ഭാഗമായുള്ള വിവിധ റൗണ്ടുകളില്‍ ഒന്നായിരുന്നു ചോദ്യോത്തര വേള. സൗന്ദര്യമല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സാച്ചുവിന്‍റെ രസകരമായ മറുപടിയാണ് ചിരിയിലുപരി ചിന്തയിലേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്നായിരുന്നു ജഡ്ജിമാരുടെ ചോദ്യ൦. മോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചാല്‍ പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു സാച്ചുവിന്‍റെ ചിന്തിപ്പിക്കുന്ന മറുപടി. വന്‍ കരഘോഷത്തോടെയാണ് കാണികള്‍ ഇതിനോട് പ്രതികരിച്ചത്.
സാച്ചുവിന് മല്‍സരത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ ഈ ഒരു പ്രതികരണത്തിലൂടെ ഒന്നാം സ്ഥാനം ലഭിച്ച യുവതിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് സാച്ചുവായിരുന്നു.
മിസ് കൊഹിമ 2019ലെ റണ്ണറപ്പിന്‍റെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ അധിക സമയം വേണ്ടി വന്നില്ല. പെണ്‍കുട്ടിയുടെ മറുപടിയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയ നല്‍കിയത്.
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ പശു സംരക്ഷണത്തിനായി ശക്തമായ നിലപാടുകലാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് സംബന്ധിയായി അയഞ്ഞ നിലപാടാണ് ബിജെപിയ്ക്കുള്ളത്. കൂടാതെ, പശുവിന്‍റെ പേരില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുണ്ടായി മുസ്ലിം മതസ്ഥരും ദളിതരുമെല്ലാം ഇരയാക്കപ്പെടുന്ന സംഭവങ്ങള്‍ അടിക്കടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ആളുകളുടെ ഭക്ഷണ കാര്യത്തില്‍ തീരുമാനങ്ങള്‍ കല്‍പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്വ്യക്തമാക്കിയിരുന്നു. കാരണം മണിപ്പൂരിലെ പ്രധാന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് ബീഫ് എന്നത് തന്നെ.