ഇന്ത്യ പാകിസ്ഥാൻ ബന്ധം എന്നും നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. അഴിക്കാൻ ശ്രമിക്കും തോറും മുറുകുന്ന കുരുക്ക് പോലെ ഒന്ന് അവസാനിക്കുമ്പോൾ മറ്റൊന്ന് എന്ന തരത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. രാഷ്ട്രീയപരമായി ഇന്ത്യ പാക് ബന്ധം എത്രമാത്രം സങ്കീര്‍ണ്ണമാണോ അതുപോലെ തന്നെയാണ് ഇവിടങ്ങളിൽ ഉള്ള ജനങ്ങളുടെയും അവസ്ഥ. ഒരു മുള്ള് വേലിക്കപ്പുറവും ഇപ്പുറവുമിരുന്ന് പരസ്പരം വെറുക്കുന്ന സാധാരണക്കാർക്ക് ശരിക്കും തന്‍റെ അയൽവാസിയെ അറിയില്ല. അല്ലെങ്കിൽ അറിയാൻ ശ്രമിക്കാറില്ല. എന്നാൽ ബോളിവുഡിന് എന്നും പ്രിയപ്പെട്ട വിഷയമാണ് ഇന്ത്യ പാക് ബന്ധം. പാകിസ്ഥാനെയും അവിടെയുള്ള ജനങ്ങളെയും കേന്ദ്രീകരിച്ച് നിരവധി ബോളിവുഡ് ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും മികച്ച കളക്ഷൻ സ്വന്തമാക്കി പ്രേക്ഷകർക്ക് പ്രീതിപ്പെട്ടവയായി മാറിയിട്ടുണ്ട്. അവയിൽ കണ്ടിരിക്കേണ്ട മികച്ച ചില ചലച്ചിത്രങ്ങൾ ഇവയാണ്.
1. ബജരംഗി ഭായിജാൻ
സൽമാൻ ഖാന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബജരംഗി ഭായിജാൻ. കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്തത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഒരു കുഞ്ഞ്, തന്റെ അമ്മയുടെ പക്കൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നു. തുടർന്ന് പവൻ കുമാർ ഛതുർവേദി എന്ന കടുത്ത ഹനുമാൻ ഭക്തൻ ആ കുഞ്ഞിനെ തിരിച്ച് പാകിസ്ഥാനിൽ എത്തിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. രാജ്യ അതിർത്തിക്കും മതത്തിനുമപ്പുറം മനുഷ്യ ബന്ധങ്ങൾക്കും സ്നേഹത്തിനും പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ് ബജിരംഗി ഭായിജാൻ. തുടക്കത്തിൽ ഒരു കടുത്ത മത വിശ്വാസി മാത്രമായിരുന്ന പവൻ കുമാർ ഛതുർവേദി എന്ന നായകന്‍റെ ചിന്താഗതിയിലുണ്ടാകുന്ന മാറ്റം തന്നെയാണ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ക്ലൈമാക്സിൽ ഇന്ത്യ പാക് അതിർത്തിയിൽ വച്ച് നടക്കുന്ന രംഗം കണ്ണീരോടെയല്ലാതെ ആർക്കും കണ്ട് തീർക്കാനാകില്ല.
2. റാസി
ഇന്ത്യ പാകിസ്ഥാൻ യുദ്ധ സമയത്ത് എന്നും വീര പുരുഷന്മാരായി ആരാധിക്കപ്പെടുന്നത് കരയിലും കടലിലും ആകാശത്തും നമ്മുടെ അതിർത്തിയെ കാക്കുന്ന സൈനികരെ മാത്രമാണ്. എന്നാൽ അതിനിടയിൽ ആരും അറിയാതെ പോകുന്ന ഒരു കൂട്ടരുണ്ട്. ശത്രുവിന്‍റെ വിവരങ്ങൾ ചോർത്തി നൽകി നമ്മുടെ രാജ്യത്തെ സഹായിക്കുന്ന ചാരന്മാർ. അവർക്ക് പേരോ പദവിയോ ഒന്നും ഉണ്ടാകില്ല. സാധാരണക്കാരിൽ സാധാരണക്കാരായി അവർ എവിടെയൊക്കെയോ ജീവിക്കുന്നു. 1971 ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് പാകിസ്ഥാനിൽ ചെന്ന് അവരുടെ യുദ്ധ വിവരങ്ങൾ ചോർത്തി നൽകിയ ഒരു റോ ഏജന്‍റിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് റാസി. ആലിയാ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് മേഘ്ന ഗുൽസറാണ്. ഹരീന്ദർ സിക്കയുടെ കാളിങ് സെഹ്മത്ത് എന്ന പുസ്തകത്തിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു റാസി.
3. വീർ - സാരാ
ബോളിവുഡിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സിനിമയാണ് 2004 ൽ യാഷ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ വീർ സാരാ. ഒരു ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനും പാകിസ്ഥാനിലെ ഒരു സാധാരണ പെൺകുട്ടിയുമായി ഉണ്ടാകുന്ന മനോഹരമായ പ്രണയമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. ഷാരൂഖ് ഖാൻ, പ്രീതി സിന്റാ, റാണി മുഖർജി, അമിതാഭ് ബച്ചൻ എന്നിവരാണ് വീർ സാരായിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിച്ചിരിക്കുന്നത്. പ്രണയം പലപ്പോഴും വിചിത്രമാണ്. അതിന്‍റെ ശക്തിയിൽ ഭാഷയും ദേശവും മതവും എല്ലാം മനുഷ്യർ മറക്കും. അത്തരത്തിൽ ഒരു കഥ പറയുന്ന ചിത്രമാണ് ഇത്. തന്‍റെ പ്രണയിനിയുടെ അഭിമാനം കാത്ത് സൂക്ഷിക്കാൻ പാകിസ്ഥാനിലെ ജയിലിൽ യാതനകൾ അനുഭവിച്ച വീർ പ്രതാപ് സിങ്ങിന്‍റെയും, വീറിന്‍റെ സ്വപ്നങ്ങൾക്ക് വേണ്ടി തന്‍റെ ജീവിതം മാറ്റി വച്ച സാരാ ഹയാത്ത് ഖാന്‍റെയും കഥ.
4. ഏക് ഥാ ടൈഗർ
ഇന്ത്യയുടെ റോയും പാകിസ്ഥാന്‍റെ ഐഎസ്ഐയും. അതിർത്തിയിൽ സൈനികർ തോക്കും ബോംബും ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതുപോലെ ബുദ്ധി കൊണ്ട് യുദ്ധം ചെയ്യുന്ന ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ചാര സംഘടനകൾ. ഈ സംഘടകളിലെ രണ്ട് പേർ തമ്മിൽ പ്രണയം ഉണ്ടായാൽ അത് എങ്ങനെ ഉണ്ടാകും? രണ്ട് രാജ്യങ്ങൾക്കും ചിന്തിക്കാൻ പോലുമാകാത്ത ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും ഇത് കാരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇരു രാജ്യങ്ങളിലെയും നിർണ്ണായകമായ വിവരങ്ങൾ ചോരാതിരിക്കാൻ റോയും ഐഎസ്ഐയും ഏത് അറ്റം വരെയും പോകും. വളരെ ത്രില്ലിങ്ങായ ഈ വിഷയത്തെ ആസ്പദമാക്കി 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഏക് ഥാ ടൈഗർ. സൽമാൻ ഖാൻ, കത്രീന കൈഫ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കബീർ ഖാനാണ് സംവിധാനം. സ്വന്തം രാജ്യത്തെ ചതിക്കാതെ തന്നെ തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി ജീവൻ പണയം വച്ച് ഇറങ്ങി പുറപ്പെടുന്ന രണ്ട് ഏജന്‍റുമാരുടെ കഥ, മികച്ച ആക്ഷൻ രംഗങ്ങളുടെ പിൻബലത്തോടെ ഏക് ഥാ ടൈഗറിൽ അവതരിപ്പിച്ചിട്ടുണ്ട്.
5. ഗദ്ദർ ഏക് പ്രേം കഥാ
അനിൽ ശർമ്മയുടെ സംവിധാനത്തില്‍ സണ്ണി ഡിയോൾ, അമീഷാ പട്ടേൽ, അമ്രിഷ് പുരി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് ഗദ്ദർ ഏക് പ്രേം കഥാ. 2001 ൽ ബോളിവുഡിൽ ദേശീയത പറയുന്ന ചിത്രങ്ങൾ ട്രെൻഡായി നിൽക്കുന്ന സമയത്താണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. അതുവരെ ഉണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളെയും തകർത്ത് ഈ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറി. ഇന്ത്യയുടെ വിഭജന കാലത്ത് നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. താരാ സിങ്ങ് എന്ന പഞ്ചാബി സഖീനാ എന്ന മുസ്ലീം യുവതിയെ വിവാഹം കഴിക്കുന്നു. ഇന്ത്യ വിഭജിച്ച് പാകിസ്ഥാൻ രൂപീകരിച്ചതോടെ സഖീനയുടെ പിതാവ് അവളെ പാകിസ്ഥാനിൽ താമസിക്കാൻ നിർബന്ധിക്കുന്നു. തുടർന്ന് പാകിസ്ഥാനിലേക്ക് തന്‍റെ ഭാര്യയ്ക്ക് വേണ്ടി യാത്രയാകുന്ന താരാ സിങ്ങിന്‍റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
മേൽപ്പറഞ്ഞവയാണ് പാകിസ്ഥാൻ പ്രധാന വിഷയമായി വന്നിട്ടുള്ളതിൽ ഉറപ്പായും കണ്ടിരിക്കേണ്ട ചില ബോളിവുഡ് ചിത്രങ്ങൾ. ഇവയിൽ ഭൂരിഭാഗം ചിത്രങ്ങളും പറയുന്നത് അതിർത്തികൾക്കും മതത്തിനും ശത്രുതയ്ക്കും അപ്പുറമുള്ള മനുഷ്യ ബന്ധങ്ങളെക്കുറിച്ചാണ്. രാജ്യവും ഭാഷയും ഏത് ആയാലും ബന്ധങ്ങൾ എല്ലായിടത്തും ഒരു പോലെയാണെന്ന സന്ദേശം ഈ ചിത്രങ്ങൾ നമുക്ക് നൽകുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...